പാതയോര മദ്യവിൽപന നിരോധനത്തില്‍ നിന്ന് കള്ളുഷാപ്പുകളെ ഒഴിവാക്കി
text_fieldsന്യൂഡൽഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യവിൽപന നിരോധനത്തില്‍നിന്ന് കള്ളുഷാപ്പുകളെയും ഒഴിവാക്കി സുപ്രീംകോടതി ഉത്തരവിട്ടു. എന്നാൽ, കള്ള് മദ്യമാണോ, അല്ലേ എന്ന വിഷയത്തില്‍ തങ്ങള്‍ ഇപ്പോള്‍ തീർപ്പുകൽപിക്കുന്നില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഇൗ വിധിയോടെ പാതയോരത്ത് കള്ളുഷാപ്പുകള്‍ തുറക്കുന്ന കാര്യവും സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സ്വന്തംനിലക്ക് തീരുമാനിക്കാനാകും. കഴിഞ്ഞമാസം 23നാണ് പാതയോര മദ്യശാല നിരോധനത്തില്‍നിന്ന് പഞ്ചായത്തുകള്‍ക്ക് സുപ്രീംകോടതി ഇളവ് നല്‍കിയത്. നഗരസ്വഭാവമുള്ള പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന പാതയോരത്തെ മദ്യശാലകളുടെ കാര്യം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു ഉത്തരവ്.
പാതയോര മദ്യവിൽപന നിരോധനത്തിന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിെൻറ ബെഞ്ച് ഇറക്കിയ വിധി പൂർണമായും ദുർബലപ്പെടുത്തുന്നതാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഘട്ടംഘട്ടമായി അനുവദിച്ച ഇളവ്. പാതയോരത്തെ മദ്യശാല നിരോധനത്തിൽനിന്ന് നഗരസഭകളെയും പഞ്ചായത്തുകളെയും നേരത്തേ സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരെൻറ ശക്തമായ എതിർപ്പ് തള്ളിയാണ് പാതയോരത്ത് കള്ളുവിൽപനക്കും അനുമതി നൽകിയത്. സംസ്ഥാന സര്‍ക്കാർ, വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി), കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷൻ എന്നിവരുടെ വാദം സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു. മറ്റൊരു ബെഞ്ച് പുറപ്പെടുവിച്ച വിധി വ്യക്തത വരുത്താനെന്ന പേരിൽ പരിഗണിച്ച് അതിൽ ഭേദഗതി വരുത്തുന്നത് വി.എം. സുധീരനുവേണ്ടി ഹാജരായ അഡ്വ. കാളീശ്വരം രാജ് ചോദ്യംചെയ്തപ്പോൾ അന്ന് ആ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഇപ്പോൾ തങ്ങളുടെ ബെഞ്ചിലുണ്ടെന്നും അതിൽ തെറ്റില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് മറുപടി നൽകിയത്.
കള്ളിനെ മദ്യത്തിെൻറ നിര്‍വചനത്തില്‍നിന്ന് ഒഴിവാക്കണമെന്ന കേരള സർക്കാറിെൻറ ആവശ്യത്തില്‍ തീരുമാനമെടുക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കള്ള് മദ്യമാണോ എന്ന വിഷയത്തിലേക്ക് കടക്കാതെ, പഞ്ചായത്തുകള്‍ക്ക് നല്കിയ ഇളവ് കള്ളുഷാപ്പിെൻറ കാര്യത്തിലും ബാധകമാക്കുകയാണ് കോടതി ചെയ്തത്. കള്ള് വീര്യംകുറഞ്ഞ മദ്യമായതിനാല്‍ ഇളവ് നല്‍കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. 1200ഓളം കള്ളുഷാപ്പുകള്‍ പൂട്ടിയതോടെ ആയിരങ്ങളുടെ തൊഴില്‍ നഷ്ടമാെയന്ന് എ.ഐ.ടി.യു.സിക്കുവേണ്ടി അഡ്വ. വി.കെ. ബിജു ചൂണ്ടിക്കാട്ടി. അതേസമയം, കള്ളില്‍ 9.56 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെന്നതിനാല്‍ മദ്യംതന്നെയാണെന്ന് സുധീരനുവേണ്ടി അഡ്വ. കാളീശ്വരം രാജ് വാദിച്ചു.
കള്ളിനെ മദ്യമാക്കി പരിഗണിക്കുന്ന അബ്കാരി നിയമം ഇതുവരെ ചോദ്യംചെയ്യപ്പെട്ടിട്ടില്ല എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വാഹനാപകടം കുറക്കാൻ ദേശീയ, സംസ്ഥാന പാതയോരത്ത് 500 മീറ്റര്‍ പരിധിയില്‍ ഒരു തരത്തിലുള്ള മദ്യശാലകളും പാടില്ലെന്നായിരുന്നു 2016 ഡിസംബര്‍ 15ന് സുപ്രീംകോടതി വിധിച്ചത്. എന്നാൽ, മുനിസിപ്പല്‍ പ്രദേശങ്ങളെ നിരോധനത്തിൽനിന്നൊഴിവാക്കി 2017 ജൂൈല 11ന് ഉത്തരവിറക്കി സുപ്രീംകോടതി പഴയ വിധി ഭാഗികമായി ദുർബലപ്പെടുത്തി. പിന്നീട് പഞ്ചായത്തുകള്‍ക്കും ഇളവു നല്കി ഫെബ്രുവരി 23ന് വീണ്ടും ഉത്തരവിറക്കിയതിനു പിന്നാലെയാണ് വിധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.