'ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ചുനിന്ന് മാറ്റത്തിന് വോട്ടു ചെയ്യൂ'; കർഷകരോട് മേഘാലയ ഗവർണർ
text_fieldsന്യൂഡൽഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മാറ്റത്തിനായി വോട്ടു ചെയ്യാൻ, കർഷക സമരത്തെ പിന്തുണച്ച ബി.ജെ.പി നേതാവും മേഘാലയ ഗവർണറുമായ സത്യപാൽ മല്ലിക് കർഷകരോട് ആവശ്യപ്പെട്ടു. കർഷകർ ഒന്നിച്ചു നിന്നാൽ ഡൽഹിയിൽ അധികാരത്തിലിരിക്കുന്നവർ ഓടിയൊളിക്കുമെന്നും ഹരിയാനയിലെ ജിൻഡിൽ കണ്ട്ല, മാജ്റ ഖാപ് പഞ്ചായത്തുകൾ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ മല്ലിക് ഓർമിപ്പിച്ചു.
അടുത്ത ആറ് മാസത്തിനകം ഗവർണറുടെ കാലാവധി പൂർത്തിയാകുന്നതോടെ കർഷകരെ ഒന്നിപ്പിക്കാൻ താൻ ഉത്തരേന്ത്യയിലുടനീളം പര്യടനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ട് വർഷം മാത്രമാണുള്ളത്. റോഡിലിരുന്ന് സമരം നടത്തുന്നതിന് പകരം കർഷകർ ഒന്നിച്ചുനിന്ന് രാഷ്ട്രീയ ശക്തി നേടണം.
നിങ്ങൾ ഒരുമിച്ച് വോട്ടു ചെയ്താൽ ഡൽഹിയിൽ അധികാരത്തിലുള്ളവർ ഒലിച്ചുപോകും. കർഷകർ യാചകരാണ് എന്നാണ് അധികാരത്തിലിരിക്കുന്നവർ കരുതുന്നത്. അവരുടെ വിളകൾക്ക് യഥാർഥ വില നൽകുന്നില്ല. ഒരുമിച്ചുനിന്ന് സ്വന്തം സർക്കാറുണ്ടാക്കുക.
ഇനിയും വലിയ പദവികൾ വേണ്ട. കർഷക വിഷയത്തിൽ മിണ്ടാതിരുന്നാൽ ഉപരാഷ്ട്രപതിയോ രാഷ്ട്രപതിയോ ആകാമായിരുന്നുവെന്നാണ് സുഹൃത്തുക്കൾ ഉപദേശിച്ചത്. അത് വേണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു. മൂന്ന് കർഷക നിയമങ്ങൾ പിൻവലിച്ചത് പൂർത്തിയായിട്ടില്ലെന്നും വലിയ ചോദ്യം അവശേഷിക്കുകയാണെന്നും മല്ലിക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.