മധ്യപ്രദേശിന്‍റെ ഭാവി സുരക്ഷിതമാക്കും- കമൽനാഥ്
text_fieldsഭോപ്പാൽ: ജനങ്ങളുമായി ഒന്നിച്ച് നിന്ന് മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുമെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്. സംസാഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ബാലഘട്ടിൽ മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കമൽനാഥ്.
"സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങളും കഷ്ടപ്പെടുന്നു. ഓരോ വിഭാഗവും ബുദ്ധിമുട്ടിലാണ്. എല്ലാവരും ഇന്ന് മധ്യപ്രദേശിന്റെ നേർചിത്രം തിരിച്ചറിയുകയാണ്. ജനങ്ങളുമായി ഒരുമിച്ച് നിന്ന് മധ്യപ്രദേശിന്റെ ഭാവി ഭദ്രമാക്കും. ഞങ്ങളുടെ സീറ്റിനെക്കുറിച്ച് ഒട്ടും ആശങ്കയില്ല. മധ്യപ്രദേശിലെ വോട്ടർമാരിൽ പൂർണ വിശ്വാസമുണ്ട്- കമൽനാഥ് പറഞ്ഞു.
വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി എത്ര സീറ്റ് നേടുമെന്ന ചോദ്യത്തിന് സീറ്റിനെക്കുറിച്ച് സംസാരിക്കുന്നില്ലെന്നും പാർട്ടി എത്ര സീറ്റ് നേടണമെന്ന് സംസ്ഥാനത്തെ ജനങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേത്രങ്ങളും പള്ളികളും സന്ദർശിക്കുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കില്ലെന്നും എന്നാൽ നിക്ഷേപം തൊഴിലവസരങ്ങൾ കൊണ്ടുവരുമെന്നും നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. ജോലിയില്ലാത്ത ചെറുപ്പക്കാരെ കാണുന്നതിൽ വേദനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിൽ നവംബർ 17 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2018ലെ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ വന്നിരുന്നു. കമൽനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞയും ചെയ്തു. എന്നാൽ 23 എം.എൽ.എമാർ കൂറുമാറിയതിനാൽ ബി.ജെ.പിക്ക് ഭരണം ലഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.