തോമറിന്റെ മകന്റെ കോടികളുടെ ഇടപാട് കഞ്ചാവ് കൃഷിക്കെന്ന് മൂന്നാം വിഡിയോ
text_fieldsഭോപാൽ: കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ മകൻ ദേവേന്ദ്ര തോമറിന്റെ കോടികളുടെ ഇടപാടുമായി ബന്ധപ്പെട്ട് മൂന്നാമത്തെ വിഡിയോ കൂടി പുറത്തിറങ്ങിയത് ദിംനി മണ്ഡലത്തിൽ അദ്ദേഹത്തിന്റെ നില പരുങ്ങലിലാക്കി. മധ്യപ്രദേശ് റാലികളിൽ രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം ആവശ്യപ്പെട്ടപ്പോൾ ഇതേ ആവശ്യമുന്നയിച്ച് ബുധനാഴ്ച യൂത്ത് കോൺഗ്രസ് ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. അതേസമയം വിഡിയോ വ്യാജമാണെന്ന് ബി.ജെ.പിയും കേന്ദ്ര മന്ത്രിയും ഒരുപോലെ അവകാശപ്പെട്ടു.
ആദ്യം പുറത്തുവന്ന വിഡിയോയിൽ മകൻ തോമർ 100 കോടിയുടെ ഇടപാടിനെക്കുറിച്ചും രണ്ടാം വിഡിയോയിൽ മാസാന്തം 50 മുതൽ 500 കോടി രൂപ വരെ വേണ്ടിവരുമെന്നും വ്യക്തമാക്കുന്നുണ്ട്. എന്നാൽ, മൂന്നാമതായി പുറത്തുവന്ന വിഡിയോയിൽ ആദ്യ രണ്ട് വിഡിയോകളിൽ തോമറിന്റെ മകൻ സംസാരിക്കുന്നത് താനുമായിട്ടാണ് എന്ന് അവകാശപ്പെട്ട് കാനഡയിൽ കഴിയുന്ന ജഗ്മൻ ദീപ് സിങ് രംഗത്തുവന്നു. കാനഡയിൽ 100 ഏക്കർ ഭൂമി വാങ്ങി കഞ്ചാവ് കൃഷി നടത്താനുള്ള 10,000 കോടിയുടെ പദ്ധതിയാണിതെന്ന് ജഗ്മൻ ദീപ് സിങ് വിഡിയോയിൽ അവകാശപ്പെട്ടു. ഈ വിഡിയോ വന്നതോടെ ഇനി ഒരു സംശയവും ബാക്കിയില്ലെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ഷ്റിനാറ്റെ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ, തനിക്കും മകനുമെതിരായ ഗൂഢാലോചനയാണിതെന്ന് കേന്ദ്ര മന്ത്രി നരേന്ദ്ര സിങ് തോമർ കുറ്റപ്പെടുത്തി.
തോമറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഇ.ഡി ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ബി.വി. ശ്രീനിവാസിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തിയവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.