തമിഴ്നാട്ടിൽ തക്കാളി കിലോ നൂറു രൂപ
text_fieldsചെന്നൈ: രാജ്യത്ത് അടുക്കളകളിൽ ചെറിയ ഉള്ളിക്ക് പിറകെ തക്കാളിയും കരയിപ്പിക്കുന്നു. ഒരുമാസം മുമ്പ് കിലോക്ക് പത്ത് രൂപ ഉണ്ടായിരുന്ന തക്കാളിക്ക് നൂറു രൂപ മുതൽ നൂറ്റിപത്ത് രൂപവരെയായി വില വർധിച്ചു. ചെറിയ ഉള്ളിക്ക് മൊത്തവില 120 രൂപയിലെത്തിയിട്ട് രണ്ടാഴ്ച്ചയായി. തക്കാളിക്ക് ഏതാനും ആഴ്ച്ചകൾകൊണ്ടാണ് പത്തിരട്ടിയോളം വിലവർധനയുണ്ടായത്. കടുത്ത വരൾച്ചമൂലം തമിഴ്നാട്ടിൽ തക്കാളിയുടെ ഉൽപാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണം. തക്കാളി ഉത്പാദനത്തിൽ 65 ശതമാനം കുറവുണ്ടായതായി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സീസണല്ലാത്തതിനാൽ ജൂൺ മുതൽ സെപ്റ്റംബർവരെ വില ഉയരാറുണ്ട്. ഉൽപാദനം കുറഞ്ഞ സാഹചര്യത്തിൽ വിലകുറയാൻ രണ്ടുമാസത്തോളം എടുക്കും.
തമിഴ്നാട്ടിൽ മാത്രമല്ല കർണാടക, തെലുങ്കാന എന്നിവിടങ്ങളിലും ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വില ഉയർന്നിട്ടുണ്ട്. വളരെ പെെട്ടന്ന് കേടുവരുന്നതിനാൽ പൂഴ്ത്തിവെച്ച് വില ഉയർത്താനുള്ള സാധ്യത തമിഴ്നാട് കൃഷി വകുപ്പ് അധികൃതർ തള്ളി. വിലവർധനമൂലം തമിഴ്നാട്ടിലെ ഹോട്ടലുകളിൽനിന്ന് തക്കാളി ചട്നി ഒഴിവാക്കിത്തുടങ്ങി. ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ പച്ചക്കറിച്ചന്തയായ കോയേമ്പട്ടിൽ നൂറുകണക്കിന് തക്കാളി ലോറികൾ വരേണ്ടിടത്ത് 60-70 എണ്ണമാണ് എത്തിയത്. ദിണ്ഡിഗൽ, കർണാടക എന്നിവിടങ്ങളിൽ ഏക്കർ കണക്കിന് തക്കാളിത്തോട്ടങ്ങൾ വരണ്ടുണങ്ങി കിടക്കുകയാണെന്നു തമിഴ്നാട് ഫ്ലവർ, വെജിറ്റബിൾ, ഫ്രൂട്ട് ട്രഡേഴ്സ് വെൽഫയർ അസോസിയേഷൻ ജനറൽസെക്രട്ടറി ഗോവിന്ദരാജ് പറഞ്ഞു. ചെറിയ ഉള്ളിയുടെയും തക്കാളിയുടെയും വൻ വിലവർധന നിയമസഭയിൽ എം.കെ. സ്റ്റാലിൻ ചൂണ്ടിക്കാട്ടി. നടപടികൾ സ്വീകരിക്കുമെന്നു സഹകരണ മന്ത്രി സെല്ലൂർ രാജു വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.