ആധാർ: ഭാവിയിൽ ഡി.എൻ.എ സാമ്പിളും നിർബന്ധമാക്കില്ലേയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യത്തെ ഒാരോ പൗരനും ബയോമെട്രിക് വിവരങ്ങൾ കൈമാറണമെന്ന് നിർബന്ധമാക്കുന്ന ആധാർ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഭാവിയിൽ ഡി.എൻ.എ സാമ്പിളും രക്ത, മൂത്ര സാമ്പിളുകളും കൈമാറേണ്ടിവരില്ലേയെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. ആധാറിെൻറ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹരജികളിൽ അന്തിമവാദം കേൾക്കുന്നതിനിടെയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിഷയം ചൂണ്ടിക്കാണിച്ചത്. 2016ലെ ആധാർ നിയമം 54ാം വകുപ്പ് 2 (എ) അനുസരിച്ച് ആവശ്യപ്പെടാവുന്ന ബയോമെട്രിക് വിവരങ്ങൾ പരിമിതപ്പെടുത്തിയിട്ടില്ല. ഇതുപ്രകാരം ഡി.എൻ.എ സാമ്പിൾ മുതൽ വ്യക്തിയുടെ വിയർപ്പ് വരെ കൈമാറണമെന്ന് നിബന്ധന വെക്കാം.
എന്നാൽ, അങ്ങനെ ആവശ്യപ്പെടും മുമ്പ് പാർലമെൻറിെൻറ അംഗീകാരം ചോദിക്കുമെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പ്രതികരിച്ചെങ്കിലും നിലവിലുള്ള നിയമം അനുവദിക്കുേമ്പാൾ ഇനി പുതിയ അനുമതി ആവശ്യമില്ലല്ലോ എന്നായിരുന്നു ജഡ്ജിയുടെ മറുപടി. ചോദിക്കരുതെന്ന് പാർലമെൻറ് പാസാക്കുംവരെ ആധാർ അതോറിറ്റിക്ക് പൗരനിൽ നിന്ന് ഇവ ആവശ്യപ്പെടാം. നേരേത്തയുള്ള നിയമം നൽകുന്ന പരിധിവിട്ട അധികാരങ്ങൾ മറികടക്കാൻ പിന്നീട് പാർലമെൻറിെൻറ അംഗീകാരം തേടുമെന്ന് പറയുന്നതിനെയും ജഡ്ജി വിമർശിച്ചു.
കേന്ദ്രത്തിെൻറ അവകാശവാദം ബലപ്പെടുത്താൻ അേമരിക്കൻ കോടതിയുടെ നിരവധി വിധിന്യായങ്ങൾ അറ്റോണി ജനറൽ കോടതി മുമ്പാകെ സമർപ്പിച്ചു. എന്നാൽ, ഇതിന് വിപരീത നിലപാടാണ് ജർമൻ കോടതി ഉൾപ്പെടെ യൂറോപ്യൻ കോടതികൾ സ്വീകരിച്ചതെന്ന് ഭരണഘടനബെഞ്ച് ചൂണ്ടിക്കാട്ടി. ആധാർ നടപ്പാക്കിയത് വിദഗ്ധർ അംഗീകാരം നൽകിയ നയപരമായ തീരുമാനമാണെന്നും കോടതിക്ക് ഇടപെടാനാവില്ലെന്നും കേന്ദ്രത്തിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ നേരേത്ത പറഞ്ഞിരുന്നു. ഡിജിറ്റൽ യുഗത്തിൽ കള്ളപ്പണം തടയാനും അർഹർക്ക് സബ്സിഡി ആനുകൂല്യം നൽകാനും ഏറ്റവും മികച്ച വഴിയാണ് ആധാർ.
ലോകബാങ്ക് പോലും ഇൗ വിഷയത്തിൽ ഇന്ത്യയെ പ്രശംസിച്ചിട്ടുണ്ട്. മാന്യതയോടെ ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗമാണ് ആനുകൂല്യങ്ങൾ എന്നതിനാൽ വ്യക്തിയുടെ സ്വകാര്യതക്കുള്ള അവകാശം ഇതിനുവേണ്ടി ബലികഴിക്കാം. ആധാർ നടപ്പാക്കാൻ സർക്കാറിന് നിയമപരമായ സാധുതയുണ്ടെന്നും കെ.കെ. വേണുഗോപാൽ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനബെഞ്ചാണ് കേസിൽ വാദം കേൾക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.