ടൂൾകിറ്റ് കേസ്: ആക്ടിവിസ്റ്റ് നികിത ജേക്കബിന്‍റെ അറസ്റ്റ് തടഞ്ഞു
text_fieldsമുംബൈ: ടൂൾകിറ്റ് കേസിൽ അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന്‍റെ അറസ്റ്റ് ബോംബെ ഹൈകോടതി തടഞ്ഞു. മൂന്നാഴ്ചത്തേക്കാണ് ഹൈകോടതി ഇടക്കാല സംരക്ഷണം നൽകിയത്. ഹരജിയിൽ വിധി പറയുന്നത് വരെ നികിതക്കെതിരെ നടപടി എടുക്കില്ലെന്ന് ഡൽഹി പൊലീസ് കഴിഞ്ഞ ദിവസം ഹൈകോടതിയെ അറിയിച്ചിരുന്നു.
ടൂൾ കിറ്റിൽ കർഷക സമരത്തെ പിന്തുണയ്ക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നതെന്നും ആക്രമണത്തിന് പ്രേരിപ്പിക്കുന്നതോ ചെങ്കോട്ട ആക്രമണവുമായി ബന്ധപ്പെട്ടോ ഉള്ള പരാമർശങ്ങൾ ഇല്ലെന്നും നികിതയുടെ അഭിഭാഷകൻ മിഹിർ ദേശായ് ബോംബെ ഹൈകോടതിയിൽ പറഞ്ഞിരുന്നു. രാജ്യദ്രോഹ കുറ്റം ചുമത്താനുള്ള യാതൊന്നും ടൂൾ കിറ്റിലില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ടൂൾ കിറ്റ് കേസിൽ ബോംബെ ഹൈകോടതി അഭിഭാഷക നികിത ജേക്കബിനും ശന്തനുവിനും എതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് ഡൽഹി ഹൈകോടതി തിങ്കളാഴ്ച പുറപ്പെടുവിച്ചിരുന്നു. ടൂൾ കിറ്റ് കേസിൽ 21കാരിയായ പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിന് പിന്നാലെയാണ് നികിതക്കെതിരായ ജാമ്യമില്ല അറസ്റ്റ് വാറണ്ട്. നികിതയെയും ശാന്തനുവിനെയും അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസ് മുംബൈയിൽ എത്തുകയും ചെയ്തിരുന്നു.
ദിശ രവി, നികിത ജേക്കബ്, ശാന്തനു മുകുൾ എന്നിവർ ചേർന്നാണ് ടൂൾ കിറ്റ് തയാറാക്കിയതെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. ശാന്തനുവിന്‍റെ ഇമെയിൽ ഐ.ഡി ഉപയോഗിച്ചാണ് കിറ്റ് തയാറാക്കിയതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. നികിതയുടെയും ശാന്തനുവിന്‍റെയും വീടുകളിൽ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. നികിതയുടെ വീട്ടിൽ നിന്ന് രണ്ട് ലാപ് ടോപ്പുകളും ഒരു ഐഫോണും പിടിച്ചെടുത്തു. ഇതിൽ ഐഫോണിലെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഫ്രൈഡേ ഫോർ ഫ്യൂച്ചർ കാമ്പയിന്റെ ഇന്ത്യയിലെ സ്ഥാപക പ്രവർത്തകരിലൊരാളായ ദിശ രവിയെ (21) ബംഗളൂരുവിലെ സൊലദേവനഹള്ളിയിലെ വീട്ടിൽ നിന്ന് ശനിയാഴ്ചയാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ട്വീറ്റ് ചെയ്ത ടൂൾ കിറ്റുമായി (ഗൂഗ്ൾ ഡോക്യുമെന്റ്) ബന്ധപ്പെട്ട് ഫെബ്രുവരി നാലിനാണ് ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതത്. കേസിലെ ആദ്യത്തെ അറസ്റ്റ് ദിശയുടേതാണ്.
കേസിൽ മറ്റൊരു പ്രതിയായ ആക്ടിവിസ്റ്റ് ശാന്തനു മുലുകിന് അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകി ബോംബെ ഹൈകോടതിയുടെ ഔറംഗബാദ് ബെഞ്ച് ഇന്നലെ ഉത്തരവിട്ടിരുന്നു. അറസ്റ്റിൽ നിന്നു 10 ദിവസത്തെ സംരക്ഷണമാണ് കോടതി നൽകിയത്. അതിനിടയിൽ മുൻകൂർ ജാമ്യം തേടി ഡൽഹി കോടതിയെ സമീപിക്കാമെന്നും ഔറംഗബാദ് ബെഞ്ച് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.