ടൂൾകിറ്റിൽ ഒരു രാജ്യദ്രോഹവുമില്ലെന്ന് മുൻ സുപ്രീംകോടതി ജഡ്ജി ദീപക് ഗുപ്ത
text_fieldsന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകയായ ദിശ രവിയെ അറസ്റ്റ് ചെയ്ത ടൂൾകിറ്റ് കേസിൽ രാജ്യദ്രോഹം ചുമത്താൻ കഴിയില്ലെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത. രാജ്യത്തെ ഏത് പൗരനും ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കാൻ അവകാശമുണ്ട്. അത് അക്രമാസക്തമാകാത്തിടത്തോളം പ്രതിഷേധത്തിനെതിരെ കേസെടുക്കാൻ കഴിയില്ലെന്നും ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിനിടെ ജസ്റ്റിസ് വ്യക്തമാക്കി.
ദിശ രവിക്കെതിരെയുള്ള കേസ് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരാണെന്നും ദീപക് ഗുപ്ത അഭിപ്രായപ്പെട്ടു. പൊതുഇടങ്ങളിൽ ലഭ്യമായ ടൂൾകിറ്റ് താൻ വായിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
ടൂൾകിറ്റിൽ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതായ ഒന്നുമില്ല. ഒരാൾക്ക് പ്രതിഷേധങ്ങളെ പിന്തുണക്കുകയോ പിന്തുണക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ ടൂൾകിറ്റ് കേസിൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമത്തെക്കുറിച്ച് അജ്ഞത മൂലമാണെന്നും ദീപക് ഗുപ്ത പറഞ്ഞു.
1962ലെ കേദാർസിങ് വേഴ്സസ് ബിഹാർ സർക്കാർ കേസിൽ പ്രതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് കലാപത്തിനും അക്രമത്തിനും പൊതുജീവിതത്തിന്‍റെ ഭംഗത്തിനും ഇടവരുത്തിയതിനാലാണ്. എന്നാൽ ടൂൾകിറ്റ് കേസിൽ ഇത്തരം കാര്യങ്ങളൊന്നും വരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഞായറാഴ്ചയാണ് ഗ്രെറ്റ തുൻബർഗ് ടൂൾകിറ്റ് കേസിൽ പരിസ്ഥിതിപ്രവർത്തകയായ 21കാരിയെ ബംഗളുരുവിൽ നിന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയ ദിശയെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. കർഷക സമരത്തിൽ പ്രതിഷേധമറിയിച്ച ഗ്രെറ്റ തുൻബർഗ് അടക്കമുള്ളവർക്കെതിരെ രാജ്യദ്രോഹം, ഇന്ത്യക്കെതിരെ ഗൂഡാലോചന നടത്തൽ, സാമുദായിക സംഘർഷത്തിന് വഴിവെക്കൽ, ക്രിമിനൽ ഗൂഡാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.