കാഴ്ചാ പരിമിതിയുള്ളവർക്കും ജഡ്ജിമാരാകാൻ അർഹതയുണ്ട് -സുപ്രീം കോടതി
text_fieldsന്യൂഡൽഹി: കാഴ്ചാ പരിമിതിയുള്ളവർക്കും ജഡ്ജിമാരാകാൻ അർഹതയുണ്ടെന്ന് സുപ്രീം കോടതി. കാഴ്ചാ പരിമിതിയുള്ളവർക്ക് ജുഡീഷ്യൽ സർവീസിൽ നിന്ന് രണ്ട് പതിറ്റാണ്ടായി മധ്യപ്രദേശ് സർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിക്കൊണ്ടാണ് തിങ്കാളാഴ്ച സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.
കാഴ്ചാ പരിമിതിയുടെ പേരിൽ ജുഡീഷ്യൽ സർവീസിലെ റിക്രൂട്ട്‌മെന്‍റിന് ഹാജരാകാനുള്ള അവസരം നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസുമാരായ ജെ.ബി പർദിവാല, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ജഡ്ജിയാകാൻ ആഗ്രഹിച്ചിരുന്ന കാഴ്ചാ പരിമിതിയുള്ള മകന് തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ഹാജരാകാൻ കഴിയാത്തതിനെ തുടർന്ന് അമ്മ നൽകിയ പരാതിയുടെ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
മധ്യപ്രദേശ് ജുഡീഷ്യൽ സർവീസസ് ചട്ടങ്ങൾ (6A) പ്രകാരം കാഴ്ച പരിമിതിയുള്ളവരെ ജുഡീഷ്യൽ സർവീസുകളിലേക്കുള്ള നിയമന പ്രക്രിയയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു.
മധ്യപ്രദേശ് ജുഡീഷ്യൽ സർവീസ് ചട്ടങ്ങൾ റദ്ദാക്കിക്കൊണ്ട്, ഭിന്നശേഷിയുള്ളവരെ ഒഴിവാക്കുന്ന പരോക്ഷമായ വിവേചനങ്ങൾ, കട്ട്ഓഫുകൾ അല്ലെങ്കിൽ നടപടിക്രമങ്ങളുടെ തടസ്സങ്ങൾ എന്നിവ മൗലികമായ സമത്വം നിലനിർത്തുന്നതിന് തടസ്സമാണെന്ന് സുപ്രീം കോടതി പറഞ്ഞു. കാഴ്ച വൈകല്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജഡ്ജിയാകാൻ മൂന്ന് വർഷത്തെ നിയമ പ്രാക്ടീസ് വേണമെന്ന ചട്ടവും സുപ്രീം കോടതി റദ്ദാക്കി.
കാഴ്ചാ പരിമിതിയുള്ളൊരാൾ സുപ്രീം കോടതിയിൽ പോലും ജഡ്ജിയാകാൻ അർഹരാണെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലും രാജസ്ഥാനിലും കാഴ്ചാ പരിമിതിയുള്ള ജഡ്ജിമാരെ നിയമിച്ചത്. 2009-ൽ ജഡ്‌ജി ടി ചക്രവർത്തിയായിരുന്നു തമിഴ്‌നാട്ടിലെ ആദ്യത്തെ കാഴ്ചാ പരിമിതിയുള്ള ജുഡീഷ്യൽ ഓഫീസർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.