പെഗസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയോ? സംസ്ഥാനങ്ങളോട് വിവരം തേടി സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സംസ്ഥാനങ്ങൾ പൗരന്മാരുടെ ഫോൺ ചോർത്താൻ പെഗസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയിട്ടുണ്ടോ എന്ന വിവരം തേടി സുപ്രീംകോടതി. പെഗസസ് കേസിൽ സുപ്രീംകോടതി രൂപവത്കരിച്ച ജസ്റ്റിസ് ആർ.വി. രവീന്ദ്രന്‍റെ അധ്യക്ഷതയിലുള്ള വിദഗ്ധ സമിതിയാണ് വിവരം അറിയിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.
ഇസ്രായേൽ എൻ.എസ്.ഒ ഗ്രൂപ്പിന്‍റെ ചാര സോഫ്റ്റ്‌വെയർ വാങ്ങിയിട്ടുണ്ടോ എന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിമാർക്കാണ് സമിതി കത്ത് നൽകിയത്. ഏത് വിഭാഗത്തിൽപെട്ട സോഫ്റ്റ്‌വെയർ ആണ് വാങ്ങിയത്, എത്ര ലൈസൻസ് കരസ്ഥമാക്കി, സോഫ്റ്റ്‌വെയർ വാങ്ങിയ തീയതി എന്നിവ സംസ്ഥാനങ്ങൾ അറിയിക്കണമെന്നും ഏപ്രിൽ 18ന് അയച്ച കത്തിൽ പറയുന്നു.
ഇന്റലിജൻസ് ഏജൻസികളോ, മറ്റ് ഏതെങ്കിലും ഏജൻസികളോ പൗരന്മാരിൽനിന്ന് വിവരങ്ങൾ ചോർത്തുന്നതിന് പെഗസസ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയിക്കണം. പെഗസസ് സോഫ്റ്റ്‌വെയർ സർക്കാറോ, സർക്കാർ ഏജൻസികളോ വാങ്ങിയിട്ടുണ്ടെങ്കിൽ എന്നാണ് വാങ്ങിയതെന്ന് അറിയിക്കണം. ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ആര് അനുമതി നൽകിയെന്ന് അറിയിക്കാനും കത്തിൽ പറയുന്നു. വിദഗ്‌ധ സമിതിക്ക് വേണ്ടി സുപ്രീംകോടതി സെക്രട്ടറി ജനറലാണ് സംസ്ഥാന പൊലീസ് മേധാവിമാർക്ക് കത്ത് നൽകിയത്.
മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും പത്രപ്രവർത്തകരുടെയും ബിസിനസ്സുകാരുടെയും ഫോൺ കോളുകൾ ചോർത്താൻ കേന്ദ്ര സർക്കാർ പെഗസസ് ചാര സോഫ്റ്റ്‌വെയർ വാങ്ങിയെന്ന ആരോപണത്തിനു പിന്നാലെയാണ് വിഷയം പരിശോധിക്കാൻ സുപ്രീംകോടതി കഴിഞ്ഞവർഷം ഒക്ടോബറിൽ സ്വതന്ത്ര വിദഗ്ധ സാങ്കേതിക സമിതിയെ നിയോഗിച്ചത്.
ചന്ദ്ര ബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ പെഗസസ് വാങ്ങിയിരുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വെളിപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ആര്‍.വി. രവീന്ദ്രന്‍ നേതൃത്വം നല്‍കുന്ന വിദഗ്‌ധ സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷ വിദഗ്ധന്‍ ഡോ. സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.