സിസോദിയയുടെ ജാമ്യഹരജി: ജഡ്ജി പിന്മാറി
text_fieldsന്യൂഡൽഹി: ഡൽഹി മദ്യനയ കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സുപ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യഹരജി കേൾക്കുന്നതിൽനിന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ പിന്മാറി. ഈ വർഷാവസാനം ചീഫ് ജസ്റ്റിസ് ആകാനിരിക്കുന്ന ജസ്റ്റിസ്‍ സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൽനിന്ന് വ്യക്തിപരമായ കാരണങ്ങളാലാണ് ഒഴിവാകുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കുമാർ അറിയിച്ചു.
ഇതോടെ വ്യാഴാഴ്ച പരിഗണിക്കാനിരുന്ന ജാമ്യഹരജി സുപ്രീംകോടതി ഈ മാസം 15ലേക്ക് മാറ്റി. ഇരുവർക്കും പുറമെ ജസ്റ്റിസ് സഞ്ജയ് കരോളാണ് ബെഞ്ചിലുള്ളത്. 16 മാസമായി സിസോദിയ ജയിലിൽ കഴിയുകയാണെന്നും വിചാരണ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ അഭിഷേക് മനു സിങ്‍വി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. രണ്ടാം ജാമ്യഹരജിയും തള്ളിയ ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് സിസോദിയ സുപ്രീംകോടതിയിലെത്തിയത്.
ഇ.ഡി സമൻസ്: കെജ്രിവാളിന്റെ ഹരജി സെപ്റ്റംബർ ഒമ്പതിന് പരിഗണിക്കും
ന്യൂഡല്‍ഹി: ഡൽഹി മദ്യനയക്കേസിൽ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇ.ഡി) നല്‍കിയ സമൻസുകള്‍ ചോദ്യം ചെയ്‌ത് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈകോടതി സെപ്റ്റംബര്‍ ഒമ്പതിന് പരിഗണിക്കും.
മാര്‍ച്ച് 21ന് കെജ്രിവാളിനെ അറസ്റ്റ് ചെയ്‌തതോടെ സമന്‍സുകള്‍ ചോദ്യം ചെയ്‌തുള്ള ഹരജിക്ക് പ്രസക്തിയില്ലാതായെന്ന് ഇ.ഡി കോടതിയെ അറിയിച്ചു. എന്നാൽ, ഇ.ഡി സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ കെജ്രിവാളിന് കോടതി നാലാഴ്‌ചത്തെ സമയം അനുവദിച്ചു. തുടർന്ന്, കേസ് സെപ്റ്റംബർ ഒമ്പതിലേക്ക് ലിസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.