ഏറ്റുമുട്ടൽ; ബുർഹാൻ വാനി ഗ്രൂപ്പിലെ അവസാന കണ്ണി ഉൾപ്പെടെ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: സൈന്യത്തിെൻറ ഹിറ്റ്ലിസ്റ്റിലുണ്ടായിരുന്ന ബുർഹാൻ വാനി തീവ്രവാദി ഗ്രൂപ്പിലെ അവസാന കണ്ണി ഉൾപ്പെടെ മൂന്നു പേർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ലത്തീഫ് ടൈഗർ എന്ന ലത്തീഫ് അഹ്മദ് ദർ, താരിഖ് അഹ്മദ് ശൈഖ് എന്ന മുഫ്തി വഖാസ്, ഷാരിഖ് അഹ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ജമ്മു-കശ്മീരിലെ ഷോപിയാൻ ജില്ലയിലെ ഇമാം സാഹിബ് മേഖലയിൽ വെള്ളിയാഴ്ച രാവിലെ തിരച്ചിലിന് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു. അതേസമയം, ഏറ്റുമുട്ടൽ നടന്ന സ്ഥലത്തിന് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാർ സൈന്യത്തിനുനേരെ കല്ലെറിഞ്ഞു. സൈന്യത്തിെൻറ പെല്ലറ്റ് പതിച്ച് രണ്ടു പ്രതിഷേധക്കാർക്ക് പരിക്കേറ്റു. വെടിയേറ്റ ഒരു യുവാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുർഹാൻ വാനി നയിച്ച ഹിസ്ബുൽ മുജാഹിദീൻ തീവ്രവാദി ഗ്രൂപ്പിലെ 11 അംഗങ്ങളിൽ അവസാനത്തെയാളാണ് ലത്തീഫ് അഹ്മദ് ദർ. 2014 മുതൽ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവമായ ഇയാളടക്കം 11 പേർ കലാഷ്നികോവ് റൈഫിളുമായി നിൽക്കുന്ന ചിത്രങ്ങൾ 2015ൽ കശ്മീരിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പുതിയ തീവ്രവാദ ഗ്രൂപ്പിന് തുടക്കമിട്ടതിെൻറ സൂചനയായിരുന്നു അത്. ഇതിൽ ബുർഹാൻ വാനിയെ 2016ൽ സൈന്യം വധിച്ചു. പിന്നീട് മറ്റുള്ളവർ ഒാരോരുത്തരായി വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടു. ലത്തീഫിെൻറ മരണത്തോടെ ഗ്രൂപ്പിലെ അവസാന ആളും ഇല്ലാതായതായി സൈനിക വൃത്തങ്ങൾ വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ സൈന്യവും സി.ആർ.പി.എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായാണ് തീവ്രവാദികൾക്കായി തിരച്ചിൽ നടത്തിയത്. അതിനിടെ, പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം രണ്ടാംദിവസവും വെടിനിർത്തൽ ലംഘിച്ചതായി സൈനിക വക്താവ് അറിയിച്ചു. മേഖലയിൽ സ്കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങൾ രണ്ടു ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ബാലകോട്ട് ആക്രമണത്തിനുശേഷം ഇതുവരെയായി പാക് ആക്രമണത്തിൽ നാല് സൈനികരടക്കം 10 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.