മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; കൊല്ലപ്പെട്ടവരിൽ തലക്ക് അരക്കോടി വിലയിട്ട മാവോവാദി നേതാവും
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ ഗദ്ചിരോലി ജില്ലയിൽ ശനിയാഴ്ച പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ മാവോവാദി നേതാവ് മിലിന്ദ് തെൽതുംബ്ഡേയും. ഭീമ കോറേഗാവ് കേസിലെ പ്രതി കൂടിയായ മിലിന്ദിന്‍റെ തലക്ക് അരക്കോടി രൂപയാണ് വിലയിട്ടിരുന്നത്.
പൊലീസ് വെടിവെയ്പ്പിൽ മിലിന്ദ് തെൽതുംബ്ഡേയും ഉൾപ്പെട്ടതാതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാസ്‌ലെ പാട്ടീൽ സ്ഥിരീകരിച്ചു. കൊറേഗാവ് കേസിലെ പ്രതിയും ദളിത് ചിന്തകനുമായ ആനന്ദ് തെൽതുംബ്‌ഡേയുടെ സഹോദരനാണ് മിലിന്ദ്.
മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംമായ തെൽതുംബ്ഡേ നാലുസംസ്ഥാനങ്ങൾ കേന്ദ്രമാക്കി പ്രവർത്തിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, തെലങ്കാന എന്നിവയായിരുന്നു മിലിനസിന്‍റെ പ്രവർത്തന മണ്ഡലം. ഇയാളുടെ അംഗരക്ഷകരായിരുന്ന പുരുഷനും സ്ത്രീയും വെടിയേറ്റു മരിച്ചിട്ടുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
2019ൽ നിരവധി പൊലീസുകാരുടെ മരണത്തിനിടയാക്കിയ കുർഖേഡ ആക്രമണത്തിന് പിന്നിൽ മിലിന്ദാണെന്ന് സംശയമുണ്ട്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 26 മാവോവാദികളാണ് കൊല്ലപ്പെട്ടത്. ഗ്യാരാബട്ടി വനമേഖലയിലെ കൊർച്ചിയിൽ ശനിയാഴ്ച രാവിലെയാണ് വെടിവെപ്പുണ്ടായതെന്ന് ജില്ല പൊലീസ് സൂപ്രണ്ട് അങ്കിത് ഗോയൽ പറഞ്ഞു.
20 ലക്ഷം പോലീസ് വിലയിട്ട ലോകേഷ് മങ്ങു പൊദ്യൻ, 16 ലക്ഷം വിലയിട്ട മഹേഷ് ശിവാജി റാവോജി എന്നിവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിണ്ട്. കസൻസൂർ ദളത്തിന്‍റെ കമാൻഡറായ സന്നു എന്ന കൊവച്ചിയെ പിടികൂടുന്നവർക്ക് എട്ടുലക്ഷം രൂപയാണ് പാരിതോഷികം നിശ്ചയിച്ചിരുന്നതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. മിലിന്ദിന്‍റെ അംഗരക്ഷകനായ ഭഗത് സിങ് എന്ന തിലക് ജേഡിന്‍റെ തലക്ക് ആറ് ലക്ഷം രൂപയാണ് വിലയിട്ടത്. പിടികൂടാൻ സഹായിക്കുന്നവർക്ക് നലുലക്ഷം വീതവുമാണ് വിലയിട്ടിരുന്ന പ്രകാശ് എന്ന സാധു ബോഗ, മാവോവാനി നേതാവ് പ്രഭാകറിന്‍റെ അംഗരക്ഷകൻ ലാച്ചു, നവ്ലുറാം എന്ന ദിലിപ് തുലാവി, ബന്ധു എന്ന ദൽസീ ഗോട്ട, കോസ എന്ന മുസാകി, പ്രമോദ് എന്നിവരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
മുംബൈയിൽ നിന്ന് 920 കി.മീറ്റർ അകലെയാണ് ഏറ്റുമുട്ടൽ നടന്നത്. സി-60 പൊലീസ് കമാൻഡോ സംഘം അഡീഷണൽ എസ്.പി സൗമ്യ മുണ്ടെയുടെ നേതൃത്വത്തിൽ പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു. തങ്ങൾക്കുനേരെ വെടിവെപ്പുണ്ടായപ്പോഴാണ് തിരിച്ചു വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. 500 പേരടങ്ങുന്ന സംഘമാണ് ഓപറേഷൻ നടത്തിയത്.
നാലു പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ചികിത്സക്കായി കോപ്റ്ററിൽ നാഗ്പൂരിലെത്തിച്ചു. ഛത്തീസ്ഗഡ് അതിർത്തിയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് നിന്ന് ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.