ഡോ. കഫീൽ ഖാന് നീതി നിഷേധിക്കരുത്; യോഗിക്ക് പ്രിയങ്കയുടെ കത്ത്
text_fieldsലഖ്നോ: ജയിലിൽ കഴിയുന്ന ഡോ. കഫീൽ ഖാന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. മുഖ്യമന്ത്രി ഇക്കാര്യത്തിൽ അവബോധം കാണിക്കുമെന്നും കഫീൽ ഖാന് നീതി ലഭ്യമാക്കാനായി ഇടപെടുമെന്നുമാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് പ്രിയങ്ക കത്തിൽ പറഞ്ഞു.
അലീഗഢ് മുസ്ലിം സർവകലാശാലയിൽ നടന്ന പൗരത്വനിയമ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന പേരിൽ 2020 ജനുവരി 29നാണ് ഡോ. കഫീൽ ഖാനെ അറസ്റ്റ് ചെയ്തത്. പിന്നീട് ദേശസുരക്ഷാ നിയമം ചുമത്തുകയും ചെയ്തു. ജയിലിലടച്ചത് മുതൽ കഫീൽ ഖാന് ജാമ്യം ലഭിച്ചിട്ടില്ല.
കഫീൽ ഖാൻ ജനങ്ങൾക്കായി നിസ്വാർഥ പ്രവർത്തനം നടത്തിയ വ്യക്തിയാണെന്ന് പ്രിയങ്ക കത്തിൽ പറഞ്ഞു. ഏറെ പ്രയാസകരമായ സാഹചര്യത്തിൽ ഉൾപ്പടെ അദ്ദേഹം ജനങ്ങൾക്കായി പ്രവർത്തിച്ചിട്ടുണ്ട്. ഇതുവരെ 450ലേറെ ദിവസം അദ്ദേഹം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും പ്രിയങ്ക ഓർമിപ്പിച്ചു.
നേരത്തെ, 2017 ആഗസ്റ്റിൽ ഖൊരക്പൂർ ബി.ആർ.ഡി ആശുപത്രിയിലെ ശിശുമരണവുമായി ബന്ധപ്പെട്ടാണ് ഡോ. കഫീൽ ഖാനെ ജയിലിലടച്ചത്. അന്ന് ഓക്സിജൻ നിലച്ചതിനെ തുടർന്ന് 60ഓളം കുഞ്ഞുങ്ങൾക്കാണ് ജീവൻ നഷ്ടമായത്. അന്ന് സ്വന്തം നിലക്ക് ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ച് കഫീൽ ഖാൻ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. എന്നാൽ, യോഗി സർക്കാർ കഫീൽ ഖാനെ കുറ്റക്കാരനാക്കി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. 2018 ഏപ്രിലിലാണ് ജാമ്യം ലഭിച്ചത്. പിന്നീട്, 2019ൽ വകുപ്പുതല അന്വേഷണത്തിൽ കഫീൽ ഖാൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.
കോവിഡിന്‍റെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാത്ത ജയിലിൽ വൻ വിപത്തിന് സാധ്യതയുണ്ടെന്ന് കാട്ടി കഫീൽ ഖാൻ മഥുര ജയിലിൽനിന്ന് ആഴ്ചകൾക്ക് മുമ്പ് കത്തെഴുതിയിരുന്നു. 534 പേരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ 1600ഓളം പേരാണ് ഉള്ളതെന്നും ആകെയുള്ളത് ആറ് ശുചിമുറികൾ മാത്രമാണെന്നും കത്തിൽ പറഞ്ഞിരുന്നു.
നേരത്തെ, ഫെബ്രുവരി 10ന് കഫീൽ ഖാന് കോടതി ജാമ്യം നൽകിയിരുന്നെങ്കിലും യു.പി സർക്കാർ ദേശീയ സുരക്ഷാ നിയമം ചുമത്തി ജാമ്യം തടയുകയായിരുന്നു. കഫീൽ ഖാന്‍റെ മോചനം ആവശ്യപ്പെട്ട് വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.