മ്യാൻമറിൽ നിന്ന് 900 കുക്കി ആയുധധാരികളെത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനരഹിതമെന്ന്
text_fieldsഇംഫാൽ: മ്യാൻമറിൽ നിന്നും 900 കുക്കി ആയുധധാരികളെത്തിയെന്ന ഇന്റലിജൻസ് റിപ്പോർട്ട് തള്ളി ഉദ്യോഗസ്ഥർ. മണിപ്പൂർ സുരക്ഷാഉപദേഷ്ടാവ് കുൽദീപ് സിങ്ങും ഡി.ജി.പി രാജീവ് സിങ്ങുമാണ് വാർത്ത തള്ളി രംഗത്തെത്തിയത്. മ്യാൻമറിൽ നിന്നും കുക്കി ആയുധധാരികളെത്തിയെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റേതായി പുറത്ത് വന്ന റിപ്പോർട്ട് അടിസ്ഥാനമില്ലാത്തതാണെന്ന് ഇരുവരും വ്യക്തമാക്കി.
സെപ്തംബർ 17നാണ് മ്യാൻമറിൽ നിന്നും കുക്കി ആയുധധാരികളെത്തിയെന്ന മണിപ്പൂർ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ റിപ്പോർട്ട് പുറത്തായത്. പുതുതായി പരിശീലനം ലഭിച്ച ഭീകരരാണ് എത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ബോംബുകൾ, പ്രൊജക്ടൈലുകൾ, മിസൈലുകൾ എന്നിവ ഉപയോഗിച്ചും വനമേഖലയിൽ യുദ്ധം ചെയ്ത് പരിചയമുള്ള ഭീകരരാണ് എത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
30 പേരടങ്ങുന്ന സംഘമായാണ് ഇവർ എത്തിയിരിക്കുന്നതെന്നും മെയ്തേയി വിഭാഗത്തിന് നേരെ ആക്രമണം നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റേതായി പുറത്ത് വന്ന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാഉപദേഷ്ടാവ് അസം റൈഫിൾസിനെ ഇക്കാര്യം അറിയിക്കുകയും അതിർത്തി ജില്ലകളിൽ കനത്ത ജാഗ്രത പുലർത്താൻ നിർദേശിക്കുകയും ചെയ്തു. ഇതിനൊപ്പം മണിപ്പൂരിലെ സ്ട്രാറ്റജിക് ഓപ്പറേഷൻ ഗ്രൂപ്പിന്റെ യോഗവും ചേർന്നു. ആർമി, അസം റൈഫിൾസ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്, സംസ്ഥാന പൊലീസ് എന്നിവരുമായും സംസ്ഥാന സർക്കാർ പ്രശ്നം ചർച്ച ചെയ്തു.
അതേസമയം, കുൽദീപ് സിങ്ങിന്റെ പ്രസ്താവനക്കെതിരെ കുക്കി-സോ വിഭാഗം രംഗത്തെത്തി. ഇതേതുടർന്ന് വിശദമായ പരിശോധനയിൽ ഇക്കാര്യത്തിന് അടിസ്ഥാനമില്ലെന്ന് മണിപ്പൂരിലെ ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.