ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ദുരന്തം; ഉന്നത ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം
text_fieldsന്യൂഡൽഹി: ന്യൂഡൽഹി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തിൽ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരെ സ്ഥാനത്തുനിന്നും മാറ്റി. നോർത്ത് ഡിവിഷനൽ റെയിൽവേ മാനേജർ (ഡി.ആർ.എം), ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ഡയറക്ടർ, ഡൽഹി ഡിവിഷനിലെ സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജർ (ഡി.സി.എം) എന്നിവരെയാണ് മാറ്റിയത്.
നോർത്ത് സെൻട്രൽ റെയിൽവേയിൽ ചീഫ് ഇലക്ട്രിക്കൽ ലോക്കോ എൻജിനീയറായ പുഷ്പേഷ് ആർ. ത്രിപാഠിയാണ് പുതിയ ഡി.എം.ആർ. നിലവിലെ ഡി.ആർ.എം സുഖ്വീന്ദർ സിങ്ങിന് പകരം നിയമനം നൽകിയിട്ടില്ല.
ന്യൂഡൽഹി റെയിൽവേ സ്റ്റേഷൻ ഡയറക്ടർ മഹേഷ് യാദവിന് പകരം ഡെപ്യൂട്ടി ചീഫ് ഓപറേഷൻസ് മാനേജർ ലക്ഷ്മികാന്ത് ബൻസാനിലിനാണ് ചുമതല. സ്റ്റേഷനൻ പരിപാലനം, ട്രെയിൻ ഗതാഗതം, യാത്രക്കാരുടെ സൗകര്യങ്ങൾ, ജീവനക്കാരുടെ വിന്യാസം എന്നിവയാണ് സ്റ്റേഷൻ ഡയറക്ടറുടെ പരിധിയിൽ ഉൾപ്പെടുക.
സീനിയർ ഡിവിഷനൽ കമേഴ്സ്യൽ മാനേജറായ ആനന്ദ് മോഹനെ മാറ്റി ഡി.സി.എം നിശാന്ത് നാരായണനെ നിയമിച്ചു. ആൾക്കൂട്ടം കൈകാര്യം ചെയ്യുന്നതിൽ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത്നിന്ന് വീഴ്ചയുണ്ടായെന്നും അന്വേഷണം നീതിപൂർവമായി നടക്കണമെങ്കിൽ അവരെ മാറ്റി നിർത്തേണ്ടതുണ്ടെന്നും റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കി. യു.പിയിലെ പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയിൽ പങ്കെടുക്കാനായി ഫെബ്രുവരി 15ന് ആൾക്കൂട്ടം ന്യൂഡൽഹി സ്റ്റേഷനിലേക്ക് ഒഴുകിയെത്തിയതോടെയാണ് അപകടം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.