അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ നരേന്ദ്ര ഗിരിയുടെ ദുരൂഹ മരണം: മൂന്ന് അനുയായികൾ അറസ്റ്റിൽ
text_fieldsലഖ്നോ: സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡ പരിഷത് അധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അദ്ദേഹത്തിന്‍റെ അടുത്ത മൂന്ന് അനുയായികളെ പൊലീസ് അറസ്റ്റ് ചെയ്തു. നരേന്ദ്ര ഗിരിയുടെ ഏറ്റവും അടുത്ത അനുയായിയായി അറിയപ്പെട്ടിരുന്ന ആനന്ദ് ഗിരിയും പൊലീസ് അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നു.
സാമ്പത്തിക ക്രമക്കേടുകളടക്കമുള്ള ആരോപണത്തിൽ ആനന്ദ് ഗിരിയെ നരേന്ദ്ര ഗിരി ആശ്രമത്തിൽ നിന്ന് പുറത്താക്കിയിരുന്നു. മെയ്മാസത്തിലായിരുന്നു ഇത്. കുറച്ചുനാളുകൾക്കുമുൻപ് ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം വീണ്ടും പുന:സ്ഥാപിച്ചതായി പറയപ്പെടുന്നു. ആനന്ദ് ഗിരി നരേന്ദ്ര ഗിരിയുടെ കാലിൽ വീണ് ചെയ്ത തെറ്റുകൾക്കെല്ലാം മാപ്പ് നൽകണമെന്ന് അഭ്യർഥിക്കുന്ന ദൃശ്യങ്ങളും പൊലീസിന്‍റെ പക്കലുണ്ട്. എന്നാൽ കൂടിച്ചേരലിന് വലിയ ആയുസ്സുണ്ടായില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.
സന്ദീപ് തിവാരി, ആദ്യ തിവാരി എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ള മറ്റ് രണ്ടുപേർ. ഇരുവരും നരേന്ദ്ര ഗിരിക്കൊപ്പം അഖാഡയിൽ കഴിഞ്ഞിരുന്നവരാണ്.
തിങ്കളാഴ്ച വൈകീട്ടാണ് നേരന്ദ്രഗിരിയ ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാധാരണയായി നടന്നുവരാറുള്ള പ്രഭാഷണത്തിന് നരേന്ദ്രഗിരി എത്താതിനാൽ അന്വേഷിച്ചെത്തിയ ശിഷ്യർ മുറിയുടെ വാതിൽ അകത്തുനിന്നും കുറ്റിയിട്ടതാണ് കണ്ടത്. വാതിൽ പൊളിച്ചു അകത്തുകടന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യ കുറിപ്പ് വായിച്ചതായി പൊലീസ് അറിയിച്ചു. മഹന്ത് നരേന്ദ്ര ഗിരി വളരെ നിരാശനായിരുന്നു. തന്‍റെ മരണശേഷം ആശ്രമം എങ്ങനെ നടത്തിക്കൊണ്ടുപോകണം എന്നതിനെക്കുറിച്ച് വിൽ എഴുതി വെച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.