അമൃത്പാൽ പൊലീസിനു മുമ്പാകെ കീഴടങ്ങി അന്വേഷണത്തോട് സഹകരിക്കണമെന്ന് സിഖ് മത സംഘടന
text_fieldsചണ്ഡീഗഡ്: ഖലിസ്ഥാനി നേതാവ് അമൃത് പാൽ സിങ്ങിനോട് പൊലീസിനു മുമ്പാകെ കീഴടങ്ങി, അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ട് സിഖ് മതത്തിലെ ഉന്നത സംഘമായ അകൽ തക്ത്. അകൽ തക്തിന്റെ മേധാവി (ജാതേദാർ) ഗിയാനി ഹർപ്രീത് സിങ്ങാണ് അമൃത്പാലിനോട് കീഴടങ്ങാൻ ശനിയാഴ്ച ആവശ്യപ്പെട്ടത്. ഇത്രയും വലിയ പൊലീസ് സംഘമുണ്ടായിട്ടും എന്തുകൊണ്ട് അമൃത് പാലിനെ പിടികൂടാനാകുന്നില്ലെന്നും അകൽ തക്ത് മേധാവി ചോദിച്ചു.
അമൃത് പാൽ പൊലീസ് വലക്ക് പുറത്താണെങ്കിൽ ഞാനദ്ദേഹത്തോട് പൊലീസിനു മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടുന്നു. അന്വേഷണവുമായി സഹകരിക്കാനും - ഗിയാനി ഹർപ്രീത് സിങ് ആവശ്യപ്പെട്ടു.
അമൃത് പാൽ സിങ്ങിനെതിരായ അന്വേഷണം പൊലീസ് ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ഇയാളെ പിടികൂടാനായിട്ടില്ല. മാർച്ച് 18 മുതൽ ഇയാൾക്ക് എതിയാര നടപടികൾ നടക്കുകയാണ്. അമൃത്പാലിന്റെ വാരിസ് പഞ്ചാബ് ദെക്കെതിരായ നടപടികളും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. നിരവധി അണികളെയും അറസ്റ്റ് ചെയ്തു. ഈ പശ്ചാത്തലത്തിലാണ് സിഖ് ഉന്നത സംഘത്തിന്റെ അഭ്യർഥന.
‘സിഖ് സമുദായത്തിനാകെ ഉള്ള സംശയമാണിത്. ഇത്ര വലിയ പൊലീസ് സംഘമുണ്ടായിട്ടും അമൃത്പാലിനെ പിടികൂടാനാകാത്തത് എന്തുകൊണ്ട്. അമൃത്പാൽ നേരത്തെ തന്നെ പൊലീസ് പിടിയിലായിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കണം. അമൃത്പാലിന്റെ രക്ഷിതാക്കൾ ആരോപിക്കുന്നത് അയാൾ പൊലീസ് പിടിയിലാണെന്നാണ്. കൂടാതെ, അമൃത്പാൽ കേസിൽ പിടിയിലായ സിഖ് ചെറുപ്പക്കാരെ കുറിച്ച് പൊലീസ് ഓർക്കണം’ -അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് പ്രചരിപ്പിക്കുന്നതുപോലുള്ള വലിയ കുറ്റമൊന്നും അമൃത്പാലിന്റെ അനുയായികൾ എന്ന പേരിൽ പിടികൂടിയ ചെറുപ്പക്കാർ ചെയ്തിട്ടില്ലെന്നും ഗിയാനി ഹർപ്രീത് സിങ് പറഞ്ഞു. പഞ്ചാബിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനായി സിഖ് സംഘടനകളുടെ സംയുക്തയോഗം ചേരാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.