നയതന്ത്ര നീക്കവുമായി യുക്രെയ്ൻ: വിദേശകാര്യ സഹമന്ത്രി തിങ്കളാഴ്ച ഇന്ത്യയിലെത്തും
text_fieldsന്യൂഡൽഹി: നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി യുക്രെയ്ൻ വിദേശകാര്യ സഹമന്ത്രി എമിൻ സപറോവ തിങ്കളാഴ്ച ഇന്ത്യയിലെത്തും. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം ആദ്യമായാണ് യുക്രെയ്ൻ പ്രതിനിധി ഇന്ത്യ സന്ദർശനത്തിനെത്തുന്നത്. വിദേശകാര്യ മന്ത്രാലയത്തിലെ പടിഞ്ഞാറൻ വിഭാഗം സെക്രട്ടറി സഞ്ജയ് വർമയുമായി സപറോവ ചർച്ച നടത്തും.
ഉഭയകക്ഷി ബന്ധം, യുക്രെയ്നിലെ നിലവിലെ സാഹചര്യത്തെ കുറിച്ചുള്ള വിലയിരുത്തലുകൾ, പരസ്പര താൽപര്യമുള്ള ആഗോള പ്രശ്നങ്ങൾ എന്നിവ ചർച്ചാവിഷയമാവും. അതോടൊപ്പം യുക്രെയ്ൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. വിദേശകാര്യ- സാംസ്കാരിക സഹമന്ത്രി മീനാക്ഷി ലേഖിയുമായും ദേശസുരക്ഷ സഹ ഉപദേഷ്ടാവ് വിക്രം മിസ്രിയുമായും എമിൻ സപറോവ ചർച്ച നടത്തും.
ഉഭയകക്ഷി സഹകരണത്തിലൂടെ വ്യാപാരം, വിദ്യാഭ്യാസം, സംസ്കാരം, പ്രതിരോധം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും കാര്യമായ പുരോഗതി കൈവരിച്ചതായും പരസ്പര ധാരണയും താൽപര്യങ്ങളും പങ്കുവെക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങുന്നതെന്നും ഔദ്യോഗിക വാർത്തക്കുറിപ്പിൽ യുക്രെയ്ൻ അറിയിച്ചു.
അധിനിവേശം തുടങ്ങി ഒരു വർഷം പിന്നിടുമ്പോഴും റഷ്യയുടെ നടപടിയെ അപലപിക്കാൻ ഇന്ത്യ ഇതുവരെ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.