യു.എസിൽ ഉന്നതപഠനം നടത്തിയിരുന്ന വിദ്യാർഥി യു.പിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു
text_fields
നോയിഡ: സ്കോളർഷിപ്പോടെ യു.എസിലെ സർവകലാശാലയിൽ ഉന്നത പഠനം നടത്തുകയായിരുന്ന പത്തൊമ്പതുകാരി യു.പിയിലെ ബുലന്ദ്ശഹറിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു. യു.പിയിലെ ഗൗതം ബുദ്ധനഗർ സ്വദേശിയായ സുധീക്ഷാ ഭതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ബന്ധുവിനൊപ്പം ബുലന്ദ്ശഹറിലേക്കുള്ള സ്കൂട്ടർ യാത്രക്കിടെയാണ് അപകടം. സ്കൂട്ടറിനെ പിന്തുടർന്ന ബൈക്കുയാത്രക്കാർ ഇവരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. അപകടത്തിൽ പരിക്കേറ്റ സുധീക്ഷയുടെ അമ്മാവൻ ചികിത്സയിലാണ്.
2018ലെ സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥിയായിരുന്നു സുധീക്ഷ ഭതി. ഹ്യൂമാനിറ്റീസിൽ 98 ശതമാനം മാർക്ക് നേടിയ സുധീക്ഷക്ക് മസാച്യുസെറ്റ്സിലെ ബാബ്സൺ കോളജിൽ സ്കോളർഷിപ്പോടെ ബിരുദത്തിന് പ്രവേശനം ലഭിച്ചിരുന്നു. കോവിഡ് മൂലം ജൂണിൽ തിരിച്ചെത്തിയ സുധീക്ഷ ഈമാസം 20ന് അമേരിക്കയിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം.
പൂവാലന്മാരുടെ ആക്രമണത്തിലാണ് സുധീക്ഷ കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സ്കൂട്ടറിൽ വരികയായിരുന്ന സുധീക്ഷയെ പൂവാലന്മാർ മോശം കമൻറുകളുമായി ബൈക്കിൽ പിന്തുടർന്നു. ഇതിനിടെ യുവാക്കൾ ബൈക്കഭ്യാസം നടത്തി. സ്കൂട്ടറിെൻറ സ്പീഡ് കുറച്ചിരുന്നെങ്കിലും അഭ്യാസത്തിനിടെ ബൈക്ക് നിയന്ത്രണം തെറ്റി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് പരിക്കേറ്റ ബന്ധു മൊഴി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. എന്നാൽ അപകടമുണ്ടായത് എങ്ങനെ എന്നതിനെ കുറിച്ച് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.