13 വിദ്യാർഥിനികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവം; കേസെടുത്ത് ദേശീയ വനിത കമീഷൻ
text_fieldsന്യൂഡൽഹി/ചെന്നൈ: തമിഴ്നാട്ടിൽ വ്യാജ എൻ.സി.സി ക്യാമ്പ് സംഘടിപ്പിച്ച് 13 വിദ്യാർഥിനികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിത കമീഷൻ. വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. സംഭവത്തിൽ മൂന്ന് ദിവസത്തിനകം റിപ്പോർട്ട് കൈമാറാൻ തമിഴ്നാട് സർക്കാറിനോടും പൊലീസിനോടും ദേശീയ വനിതാ കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികൾക്കെതിരെ കേസെടുത്ത് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കണമെന്ന് തമിഴ്നാട് പൊലീസ് മേധാവിയോട് നിർദേശിച്ചതായും കമീഷൻ അറിയിച്ചു.
അതേസമയം, സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കാനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും മുഖ്യമന്ത്രി സ്റ്റാലിൻ ഉത്തരവിട്ടു. അന്വേഷണം 15 ദിവസത്തിനകം പൂർത്തിയാക്കി 60 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ ബാർഗൂരിലെ സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. ഈ മാസം അഞ്ച് മുതൽ ഒമ്പതുവരെ സ്കൂളിൽ നടത്തിയ വ്യാജ ക്യാമ്പിലാണ് പാർട്ട് ടൈം എന്.സി.സി ട്രെയിനര് എന്ന പേരിൽ ശിവരാമന് എന്നയാൾ വിദ്യാർഥികളെ പീഡനത്തിനിരയാക്കിയത്. ക്യാമ്പ് കഴിഞ്ഞെത്തിയശേഷം ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടിയോട് മാതാപിതാക്കൾ വിഷയമാരാഞ്ഞതോടെയാണ് നടുക്കുന്ന സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിൽ സ്കൂളിന്റെ പ്രിൻസിപ്പൽ അടക്കമുള്ളവർ നേരത്തെ അറസ്റ്റിലായിരുന്നു. പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ശിവരാമനെ തുടർന്ന് കോയമ്പത്തൂരിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്.
അതേസമയം സ്കൂളിൽ എൻ.സി.സി ക്യാമ്പ് നടത്താൻ അനുമതി നൽകിയിരുന്നില്ലെന്ന് എൻ.സി.സി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. സ്കൂളിന് എൻ.സി.സി രജിസ്ട്രേഷനില്ലെന്നും അധികൃതർ പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ട്രെയിനറടക്കം 11 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.