മൂന്ന് പ്രതിപക്ഷ എം.പിമാരെ കൂടി സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു; ആകെ എണ്ണം 146 ആയി
text_fieldsന്യൂഡൽഹി: മൂന്ന് പ്രതിപക്ഷ എം.പിമാരെ കൂടി ലോക്സഭയിൽ നിന്ന് പുറത്താക്കി. കോൺഗ്രസ് എം.പിമാരായ ഡി.കെ. സുരേഷ്, ദീപക് ബൈജ്, നകുൽ നാഥ് എന്നിവരെയാണ് ലോക്സഭയിൽ പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്തത്. ഇതോടെ ലോക്സഭയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ എണ്ണം 100 ആയി. 46 രാജ്യസഭ എം.പിമാരും സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുണ്ട്. നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തെ സമ്മേളനം പൂർത്തിയാക്കി സഭ പിരിഞ്ഞു.
പാർലമെന്റിലെ സുരക്ഷാ വീഴ്ചയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിക്കണമെന്നും പ്രതികൾക്ക് പാസ് നൽകിയ ബി.ജെ.പി എം.പി പ്രതാപ് സിംഹക്ക് ഇവരുമായുള്ള ബന്ധം അേന്വഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്‍റിന്‍റെ ഇരുസഭകളിലും പ്രതിഷേധിച്ചിരുന്നു. ഇതേത്തുടർന്നാണ് മൂന്നു ദിവസങ്ങളിലായി 146 എം.പിമാരെ സസ്പെൻഡ് ചെയ്തത്.
പാർലമെന്‍റിൽ പ്ലക്കാർഡുകളേന്തി പ്രതിഷേധിച്ചു, സഭയുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിച്ചു തുടങ്ങിയ കാരണങ്ങളാണ് എം.പിമാരെ സസ്പെൻഡ് ചെയ്യാനായി ചൂണ്ടിക്കാട്ടിയത്. സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാർ സഭക്ക് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
അതേസമയം, പ്രതിപക്ഷ എം.പിമാരെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്ത് പ്രതിപക്ഷ ശബ്ദമില്ലാതാക്കിയ മോദി സർക്കാറിനെതിരെ രാജ്യവ്യാപക സമരം നടത്താനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം. സസ്പെൻഡ് ചെയ്യപ്പെട്ട എം.പിമാരെ പങ്കെടുപ്പിച്ച് 22ന് സമരം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.