ഡാർജിലിങ് ചായക്ക് കടുപ്പക്കൂട്ട്
text_fieldsചുട്ടുപൊള്ളുന്ന ബംഗാൾ ചൂടിനും ഉയരം കൂടുമ്പോൾ തെല്ലുശമനം തോന്നും. ചായത്തോട്ടങ്ങളുടെ പേരിൽ ലോകമെങ്ങും പേരെടുത്ത ഹിമാലയൻ താഴ്വരയിലെ ഹിൽസ്റ്റേഷനായ ഡാർജിലിങ്ങിന് തണുപ്പിന്റെ ഛായയാണ്. പക്ഷേ, പ്രചാരണ താപനില ഉയർന്നുതന്നെ. കേരളത്തോടൊപ്പം രണ്ടാം ഘട്ടത്തിലാണ് ഗൂർഖകളുടെ നാടായ ഡാർജിലിങ്ങിലെ ജനവിധി.
നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മണ്ഡലത്തിലെ തെരഞ്ഞെടുപ്പിന് അന്താരാഷ്ട്ര മാനങ്ങളുമുണ്ട്. ബംഗാളിൽ നിന്നും വിഭജിച്ച് ഗൂർഖ സംസ്ഥാന രൂപവത്കരണം, ഗുർഖകൾക്ക് ഗോത്ര പദവി അജണ്ടകളെ ആശ്രയിച്ചാണ് ഇവിടത്തെ തെരഞ്ഞെടുപ്പ് ജയപരാജയം നിർണയിക്കുന്നത്.
ഈ രണ്ട് ആവശ്യങ്ങളും നടപ്പാക്കുമെന്ന ഉറപ്പു നൽകിയാണ് ഗൂർഖകളുടെ പിന്തുണയിൽ ഡാർജിലിങ് മണ്ഡലത്തിലൂടെ, സഹിഷ്ണുതയിലും സംസ്കാരിക സമ്പന്നതയിലും പേരുകേട്ട ബംഗാളിലേക്ക് 2009ൽ ബി.ജെ.പിയുടെ കടന്നുകയറ്റം. ജസ്വന്ത് സിങ്ങിലൂടെ ഡാർജിലിങ് പിടിച്ച ബി.ജെ.പി 2014ൽ എസ്.എസ്. അഹുലുവാലിയയെയും 2019ൽ രാജു ബിഷ്ഠിനെയും പാർലമെന്റിലെത്തിച്ചു. നാലുലക്ഷത്തിന് മുകളിൽ ഭൂരിപക്ഷം നേടിയായിരുന്നു അവസാന വിജയം.
ഇക്കുറിയും രാജു ബിഷ്ഠിനെ തന്നെ സ്ഥാനാർഥിയാക്കി ജനവിധി തേടുന്ന ബി.ജെ.പിക്ക് കാര്യങ്ങൾ അത്ര സുഗമമല്ല. ഗൂർഖകൾക്ക് നൽകിയ വാഗ്ദാനങ്ങളായ ഗോത്ര പദവിയും സംസ്ഥാന രൂപവത്കരണവും നടപ്പിലാക്കിയില്ലെന്ന് മാത്രമല്ല, ‘മോദി കാ ഗ്യാരന്റി’യിൽ ഉൾപ്പെടുത്താത്തതും ഹാട്രിക് വിജയം നേടിയ മണ്ഡലത്തിൽ പാർട്ടി നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്.
ഇതോടൊപ്പം ബി.ജെ.പി കുർസോങ് എം.എൽ.എ വിമതനായി മത്സരരംഗത്തുള്ളതും പാർട്ടിക്ക് വെല്ലുവിളിയാകും. പ്രചാരണം സജീവമാക്കാൻ അമിത് ഷായെ പങ്കെടുപ്പിച്ച് ഞായറാഴ്ച ഡാർജിലിങ്ങിലെ ഗൂർഖ ലമാങ് ഗ്രൗണ്ടിൽ വലിയ ഒരുക്കങ്ങളാണ് ബി.ജെ.പി നടത്തിയത്. എന്നാൽ, കാലാവസഥ മോശമായതിനെ തുടർന്ന് അമിത് ഷാ വന്ന ഹെലികോപ്ടർ നിലത്തിറക്കാനാവാത്തതിനാൽ പരിപാടി ഉപേക്ഷിക്കേണ്ടിവന്നു.
വാഗ്ദാന ലംഘനം ഉയർത്തി ബി.ജെ.പിയെ കടന്നാക്രമിച്ചാണ്, ഇതുവരെ പിടിച്ചടക്കാൻ പറ്റാതിരുന്ന ഡാർജിലിങ്ങിൽ സർവ സന്നാഹങ്ങളും ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസ് നടത്തുന്ന പ്രചാരണം. സിലിഗുരിയിലെ ചായത്തോട്ടങ്ങളിലും വഴിയോരങ്ങളിലും മുമ്പെങ്ങുമില്ലാത്ത രീതിയിൽ തൃണമൂൽ കോൺഗ്രസിന്റെ കൊടികളും ചിഹ്നങ്ങളും വ്യാപകമായി കാണാം.
മൂന്നുവർഷമായി തൃണമൂൽ കോൺഗ്രസ് മണ്ഡലത്തിലെ പാർട്ടി അടിത്തറ വിപുലമാക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. അവസാന തദ്ദേശ തെരഞ്ഞെടുപ്പിൽ തൃണമൂൽ പിന്തുണയുള്ള ഭാരതീയ ഗൂർഖ പ്രചാതന്ത്രിക് മോർച്ചയുടെ (ബി.ജെ.പി.എം) വിജയം ലോക്സഭ തെരഞ്ഞെടുപ്പിൽ ആവർത്തിക്കുമെന്നാണ് പ്രചാരണ രംഗത്ത് കണ്ട തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും പറയുന്നത്.
ബി.ജെ.പി.എം ആണ് ഗോപാൽ ലാമയുടെ പേര് നിർദേശിച്ചത്. മുഖ്യമന്ത്രി മമതയും പ്രധാന തൃണമൂൽ നേതാക്കളുമെല്ലാം സ്ഥാനാർഥി ഗോപാൽ ലാമയുടെ പ്രചാരണത്തിനായി നിരവധി തവണ ഡാർജിലിങ്ങിലെത്തിയതും വിജയ പ്രതീക്ഷ അർപ്പിച്ചാണ്.
സി.പി.എമ്മുമായുള്ള സഖ്യധാരണയിൽ കോൺഗ്രസാണ് ഡാർജിലിങ്ങിൽ മത്സരിക്കുന്നത്. ഡൽഹി സർവകലാശാല ഇംഗ്ലീഷ് പ്രഫസർ മോനിഷ് തമാങ്ങിനെ കോൺഗ്രസ് മത്സര രംഗത്തിറക്കിയതോടെ മണ്ഡലത്തിൽ ത്രികോണ മത്സരത്തിന്റെ പ്രതീതി കാണാനാകും.
സാമൂഹിക രംഗത്ത് സജീവമായിരുന്ന തമാങ് സ്ഥാനാർഥി പ്രഖ്യാപനത്തിന് ഒരാഴ്ച മുമ്പാണ് കോൺഗ്രസിൽ ചേരുന്നത്. അവസാന നിമിഷം പാർട്ടിയിലെത്തിയ ആളെ സ്ഥാനാർഥിയാക്കിയതിൽ ജില്ലാ നേതൃത്വത്തിന് അതൃപ്തിയുണ്ടെങ്കിലും മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം.
നാല് നിയമസഭ മണ്ഡലങ്ങളുള്ള ഡാർജിലിങ്ങിൽ ഒരോ സീറ്റ് വീതം കോൺഗ്രസിനും സി.പി.എമ്മിനുമുണ്ട്. ബി.ജെ.പിക്ക് ഒരു നിയമസഭ സീറ്റാണുള്ളത്. ബി.ജെ.പിയെ പിന്തുണക്കുന്ന ഗൂർഖ ലാൻഡ് മുക്തി മോർച്ചക്കാണ് മറ്റൊരു സീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.