ടൂറിസം മേഖല കുത്തകകൾക്കുമാത്രം; ദ്വീപുകാരുടെ പദ്ധതി പടിക്കുപുറത്ത്
text_fieldsകൊച്ചി: കോടികളുടെ ടൂറിസം പദ്ധതിക്ക് കുത്തകകളെ ലക്ഷദ്വീപിലെത്തിക്കാൻ ഭരണകൂടം തീരുമാനമെടുത്തത് ദ്വീപുകാരുടെ ആശയത്തിന് അനുമതി നൽകാതെ. ജനങ്ങളുടെ നേതൃത്വത്തിൽ വിനോദസഞ്ചാര പദ്ധതി നടപ്പാക്കുന്നതിന് തയാറാക്കി സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കാതെയാണ് ഭരണകൂടത്തിന് താൽപര്യമുള്ളവരെ ദ്വീപിലെത്തിക്കുന്നത്.
ഭൂവുടമകൾ അംഗങ്ങളായി രൂപവത്കരിച്ച തിന്നക്കര ടൂറിസം ഡെവലപ്മെൻറ് അസോസിയേഷെൻറ നേതൃത്വത്തിലായിരുന്നു പദ്ധതിരേഖ സമർപ്പിച്ചത്. തിന്നക്കര ദ്വീപിലെ ഭൂവുടമകൾക്ക് ഓഹരിയും സ്ഥലവാടകയും നൽകി പഞ്ചനക്ഷത്ര സൗകര്യത്തോടെ കോട്ടേജുകൾ നിർമിക്കാനായിരുന്നു പദ്ധതി.
2016ലെ ടൂറിസം നയപ്രകാരം പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാതെയും നിയമങ്ങൾ പൂർണമായി പാലിച്ചുമായിരുന്നു പദ്ധതിയെന്ന് അസോസിയേഷൻ സെക്രട്ടറി ശറഫുദ്ദീൻ ഇർഫാനി 'മാധ്യമ'ത്തോട് പറഞ്ഞു. സ്ഥലം ഉടമകൾക്ക് അഞ്ചുവർഷത്തേക്ക് വാടകയും മുൻകൂറായി നൽകിയിരുന്നു. തിന്നക്കര ദ്വീപിൽ 21 ഏക്കറിലാണ് പദ്ധതി വിഭാവനം ചെയ്തത്. 200 മുറി ടൂറിസത്തിന് സാധ്യമാകുന്ന ഇവിടെ 60 മുറിയുള്ള കോട്ടേജുകൾക്കായിരുന്നു പദ്ധതി. ലക്ഷദ്വീപിെൻറ തനതുസൗന്ദര്യം ആസ്വദിക്കാനും പൈതൃകം മനസ്സിലാക്കാനുമുള്ള സൗകര്യങ്ങളാണ് ആസൂത്രണം ചെയ്തത്. ദ്വീപുവാസികളായ ഫരീദ് ഖാൻ പ്രസിഡൻറും മുഹമ്മദ് നൗഷാദ് ഖാൻ ട്രഷററുമായാണ് പദ്ധതി ആവിഷ്കരിച്ചത്.
ജനങ്ങൾക്ക് വരുമാനമാർഗംകൂടിയാകുന്ന പദ്ധതിയുടെ റിപ്പോർട്ട് 2019 ജൂണിൽ സമർപ്പിച്ച് രണ്ടുവർഷം പിന്നിടുമ്പോഴും ചുവപ്പുനാടയിലാണ്. ദ്വീപുകാർക്ക് ഇത്തരം പദ്ധതികൾ ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് അധികൃതർ വെച്ചുപുലർത്തുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ബംഗാരം, പരലി ദ്വീപുകളിലും സമാനരീതിയിൽ ടൂറിസം ഡെവലപ്െമൻറ് അസോസിയേഷനുണ്ടാക്കിയെങ്കിലും ആദ്യത്തെ പദ്ധതിക്ക് അംഗീകാരം ലഭിക്കാതെവന്നതോടെ പ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല. ടൂറിസം വികസനത്തിന് മികച്ച മാതൃകയാകുമായിരുന്ന പദ്ധതിക്ക് അനുമതി നൽകാതെയാണ് ദ്വീപുവാസികൾ വികസനത്തിന് എതിരാണെന്ന് ഭരണകൂടം പ്രചരിപ്പിക്കുന്നത്. ലക്ഷദ്വീപിലെ എല്ലാ പാരിസ്ഥിതിക നിയന്ത്രണങ്ങളും ലംഘിച്ച് വൻകിട കുത്തകകളെ എത്തിക്കുന്നതിനുപിന്നിൽ വ്യവസായ താൽപര്യങ്ങളാണെന്നും അവർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.