ഇന്ത്യാ ഗേറ്റിൽ ട്രാക്ടർ കത്തിച്ച് കർഷകരുടെ പ്രതിഷേധം
text_fieldsന്യൂഡൽഹി: കാർഷിക ബില്ലുകൾക്കെതിരായ കർഷക പ്രക്ഷോഭത്തിൽ രാജ്യം തിളക്കുന്നു. തിങ്കളാഴ്ച രാവിലെ കർഷകർ പ്രതിഷേധത്തിന്‍റെ ഭാഗമായി ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ ട്രാക്ടർ കത്തിച്ചു. രാവിലെ 7.30ഓടെയാണ് ഇരുപതോളം കർഷകർ പ്രതിഷേധവുമായെത്തി ട്രാക്ടർ കത്തിച്ചത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്.
വിവാദ കാർഷിക ബില്ലുകൾക്കെതിരെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം രൂക്ഷമാണ്. പഞ്ചാബിലും ഹരിയാനയിലും അതിശക്തമായ സമരരംഗത്താണ് കർഷകർ. പഞ്ചാബിൽ ബുധനാഴ്ച ആരംഭിച്ച റെയിൽപാത ഉപരോധം തുടരുകയാണ്.
പഞ്ചാബിൽ 31 കർഷക സംഘടനകൾ അടങ്ങിയ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റെയിൽപാത ഉപരോധം. സമരം ചൊവ്വാഴ്ച വരെ തുടരും. അമൃത്സർ -ഡൽഹി െറയിൽപാത സമരക്കാർ ഞായറാഴ്ച ഉപരോധിച്ചു. സമൂഹ അടുക്കളയൊരുക്കിയും വീടുകളിൽ പാകം ചെയ്ത ഭക്ഷണം കൊണ്ടുവന്നും െറയിൽപാതകളിൽ കുത്തിയിരിപ്പ് തുടരുകയാണ്. നിരവധി കർഷകർ സമരത്തെ അനുകൂലിച്ച് രംഗത്തെത്തി. ജനപ്രതിനിധികളുടെ കർഷകപ്രേമം ആത്മാർഥമാണെങ്കിൽ 13 എം.പിമാരും രാജിവെച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് കമ്മിറ്റി ജനറൽ സെക്രട്ടറി സർവൻ സിങ് ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കില്ലെന്ന് കർഷകർ ആണയിട്ടു.
ബിൽ പിൻവലിച്ചില്ലെങ്കിൽ അനിശ്ചിതകാല ഉപരോധത്തിലേക്ക് നീങ്ങുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. ഒരു കാരണവശാലും ബിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നാണ് ഇവരുടെ വാദം. സംസ്ഥാനത്ത് പ്രധാന ദേശീയപാതകൾ സമരക്കാർ ഉപരോധിച്ചു. കർഷകർക്കൊപ്പം സ്ത്രീകളും വിദ്യാർഥികളും പ്രതിഷേധ രംഗത്തുണ്ട്. വ്യാപാരികളും കർഷകർക്ക് പിന്തുണയേകുന്നു. പ്രതിഷേധത്തെ തുടർന്ന് ഈ വഴിയുള്ള ട്രെയിൻ സർവിസ് നിർത്തിവെച്ചിരിക്കുകയാണ്. കാർഷിക വിളകൾക്കുള്ള താങ്ങുവില പിൻവലിച്ച് കർഷകരെ കോർപറേറ്റുകളുടെ ദയ കാക്കുന്നവരാക്കി മാറ്റാനുള്ള ശ്രമമാണ് കർഷകവിരുദ്ധ ബില്ലിെൻറ ലക്ഷ്യമെന്ന് കർഷകർ ആരോപിച്ചു. ഹരിയാനയിലും പ്രതിഷേധം വിവിധ മേഖലയിലേക്ക് വ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.