ഇസ്രായേലിലേക്ക് ഇന്ത്യൻ തൊഴിലാളികൾ; പ്രതിഷേധവുമായി ട്രേഡ് യൂനിയനുകൾ
text_fieldsന്യൂഡൽഹി: ഇസ്രായേലിലേക്ക് നിർമാണത്തൊഴിലാളികളെ അയക്കാനുള്ള ഉത്തർപ്രദേശ്, ഹരിയാന സർക്കാറുകളുടെ നീക്കത്തിനെതിരെ പ്രമുഖ ട്രേഡ് യൂനിയനുകളും ആക്ടിവിസ്റ്റുകളും രംഗത്തെത്തി. ഫലസ്തീൻ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളെ നിയോഗിക്കാനുള്ള ഇസ്രായേൽ സർക്കാറിെന്റ പദ്ധതിയുടെ ഭാഗമായാണ് ഇരു സംസ്ഥാനങ്ങളുടെയും നടപടി.
സംഘർഷ മേഖലയായ ഇസ്രായേലിലേക്ക് തൊഴിലാളികളെ അയക്കുന്നത് അവരുടെ ജീവൻ അപകടത്തിലാക്കുമെന്ന് ട്രേഡ് യൂനിയനുകൾ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, ഫലസ്തീൻ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് അവരുടെ ജീവിതം ദുസ്സഹമാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ നൈപുണ്യ വികസന കോർപറേഷനാണ് (എൻ.എസ്.ഡി.സി) തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നേതൃത്വം നൽകുന്നത്. സംഘർഷ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കായി ആവിഷ്കരിച്ചിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചാണ് തൊഴിലാളികളെ അയക്കുന്നതെന്ന് ആരോപണമുയർന്നിട്ടുണ്ട്. ദീർഘകാലമായുള്ള ഇന്ത്യയുടെ ഫലസ്തീൻ അനുകൂല നിലപാടിൽ വെള്ളം ചേർക്കുന്നതാണ് നടപടിയെന്നും ട്രേഡ് യൂനിയനുകളും ആക്ടിവിസ്റ്റുകളും കുറ്റപ്പെടുത്തുന്നു.
വെസ്റ്റ് ബാങ്കിൽനിന്നുള്ള തൊഴിലാളികൾക്ക് പകരമായി ഇന്ത്യൻ തൊഴിലാളികളെ അയച്ചാൽ അത് ഫലസ്തീൻ ജനതയോടുള്ള വഞ്ചനയാകുമെന്ന് വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. എസ്.ക്യു.ആർ. ഇല്യാസ് പ്രതികരിച്ചു. യുദ്ധമേഖലയിൽ ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ അപകടത്തിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എൻ.ടി.യു.സി, ഹിന്ദ് മസ്ദൂർ സഭ (എച്ച്.എം.എസ്) എന്നിവയും സർക്കാർ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇസ്രായേലിലേക്ക് 42,000 തൊഴിലാളികളെ അയക്കാൻ 2023 മേയിൽ ഇസ്രായേൽ വിദേശകാര്യ മന്ത്രി ഏലി കോഹെന്റ ഇന്ത്യ സന്ദർശനത്തിനിടെ ഒപ്പുവെച്ച കരാർ റദ്ദാക്കണമെന്നും അവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നിർമാണത്തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്ന നീക്കത്തിനെതിരെ കൺസ്ട്രക്ഷൻ വർക്കേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയും രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.