ആസിയാൻ രാജ്യങ്ങളുമായുള്ള വ്യാപാരം ഇരട്ടിയായി -പ്രധാനമന്ത്രി
text_fieldsവിയന്റിയാൻ (ലാവോസ്): ആസിയാൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാരം ഇരട്ടിയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 10 ലക്ഷം കോടി രൂപയിലേക്ക് വ്യാപാരം കുതിച്ചതായും ആസിയാൻ ഉച്ചകോടിയിൽ മോദി പറഞ്ഞു. ഏഴ് ആസിയാൻ രാജ്യങ്ങളുമായി ഇന്ത്യയിൽനിന്ന് നേരിട്ട് വിമാന സർവിസുണ്ടെന്നും ബ്രൂണോയിലേക്ക് ഉടൻ തുടങ്ങുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 21ാം നൂറ്റാണ്ട് ഇന്ത്യയുടേതും ആസിയാൻ രാജ്യങ്ങളുടേതുമാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും സംഘർഷവും ഏറ്റുമുട്ടലും നടക്കുന്ന കാലത്ത് ഇന്ത്യയും മറ്റ് ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിനും സഹകരണത്തിനും ചർച്ചക്കും പ്രാധാന്യമുണ്ടെന്ന് മോദി പറഞ്ഞു. 2025 ആസിയാൻ -ഇന്ത്യ ടൂറിസം വർഷമായി ആചരിക്കുമെന്ന് മോദി പ്രഖ്യാപിച്ചു. ഇതിനായി 50 ലക്ഷം ഡോളർ (37.5 കോടി രൂപ) അനുവദിച്ചു. ഇതടക്കം 10 പദ്ധതികൾ മോദി പ്രഖ്യാപിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്യാഴാഴ്ച ഉച്ചക്കാണ് മോദി ലാവോസിലെത്തിയത്. ആസിയാൻ ഇന്ത്യ, ഇൗസ്റ്റ് ഏഷ്യ ഉച്ചകോടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. വിമാനത്താവളത്തിൽ മോദിയെ പരമ്പരാഗത രീതിയിൽ വരവേറ്റു. ഹോട്ടലിൽ ഇന്ത്യക്കാരുമായി മോദി ആശയവിനിമയം നടത്തി. ലാവോസിലെ രാമായണവുമായി ബന്ധപ്പെട്ട കലാപ്രകടനം പിന്നീട് മോദി വീക്ഷിച്ചു.
ആസിയാൻ ഉച്ചകോടിക്കിടെ ജപ്പാന്റെ പുതിയ പ്രധാനമന്ത്രി ഷിഗേരു ഇഷിബയുമായി മോദി ചർച്ച നടത്തി. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപ്പൂർ, തായ്‍ലൻഡ്, ഇന്ത്യ, വിയറ്റ്നാം, ലാവോസ്, കംബോഡിയ, ബ്രൂണെ എന്നീ ആസിയാൻ രാജ്യങ്ങളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ആസിയാൻ രാജ്യങ്ങളും ആസ്‌ട്രേലിയ, ചൈന, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലൻഡ്, റഷ്യ, യു.എസ്.എ എന്നീ രാജ്യങ്ങളുമാണ് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലുള്ളത്. നിരീക്ഷക പദവിയിൽ തിമോറുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.