'മൊബൈൽ ഫോൺ വാങ്ങിയാൽ രണ്ട് കിലോ തക്കാളി സൗജന്യം'; വിലക്കയറ്റത്തിൽ വെറൈറ്റി ഓഫറുകളുമായി വ്യാപാരികൾ
text_fields'മൊബൈൽ ഫോൺ വാങ്ങിയാൽ രണ്ട് കിലോ തക്കാളി സൗജന്യം'; വിലക്കയറ്റത്തിൽ വെറൈറ്റി ഓഫറുകളുമായി വ്യാപാരികൾന്യൂഡൽഹി: തക്കാളി വില മാനം മുട്ടെ ഉയർന്നതോടെ അസാധാരണമായ ഓഫറുകളുമായി വ്യാപാരികൾ. മൊബൈൽ ഫോൺ വാങ്ങുന്നവർക്ക് രണ്ട് കിലോ തക്കാളി സൗജന്യമായി നൽകിയാണ് അശോക് നഗറിലെ സ്മാർട് ഫോൺ കടയുടമ അഭിഷേക് അഗർവാളിന്‍റെ കച്ചവടം.
"വിപണന മേഖലയിൽ മത്സരം കൂടിയതിനാൽ ഉപഭോക്താക്കൾക്ക് പ്രത്യേകമായി എന്തെങ്കിലും ഓഫർ നൽകണമെന്നുണ്ടായിരുന്നു. അങ്ങനെയാണ് സ്മാർട് ഫോൺ വാങ്ങുന്നവർക്ക് തക്കാളി സമ്മാനമായി നൽകാൻ തീരുമാനിച്ചത്"- അഗർവാൾ പറയുന്നു. ഓഫർ കച്ചവടത്തിന് സഹായകമായെന്നും അഭിഷേക് കൂട്ടിച്ചേർത്തു.
തക്കാളിയുടെ വിലക്കയറ്റം നേരിടാൻ വ്യത്യസ്തമായ മറ്റൊരു രീതിയാണ് വാരണാസിയിലെ പച്ചക്കറി വ്യാപാരിയായ അജയ് ഫൗജി സ്വീകരിച്ചത്. കടയിൽ നിന്നും തക്കാളി മോഷണം പതിവായതോടെ ബൗൺസർമാരെ തക്കാളിയുടെ സംരക്ഷണത്തിനായി നിർത്തിയിരിക്കുകയാണ് ഫൗജി. കടയിൽ ആളുകൾ വരികയും ബഹളമുണ്ടാകുകയും അതിനിടെ തക്കാളി മോഷ്ടിക്കുകയും തുടർക്കഥയായതോടെയാണ് ഫൗജിയുടെ അറ്റകൈപ്രയോഗം. കിലോയ്ക്ക് 160 രൂപ നിരക്കിലാണ് ഫൗജി തക്കാളി വിൽക്കുന്നത്. രാജ്യത്തിന്‍റെ പലഭാഗത്തും തക്കാളി വില നൂറ് കടന്നിട്ട് നാളേറെയായി. ഡൽഹിയിൽ 127, ലഖ്നോ 147, ചെന്നൈ 105 എന്നിങ്ങനെയാണ് മറ്റ് പ്രധാന നിരക്കുകൾ. 2023 ആരംഭത്തിൽ കിലോക്ക് 22 രൂപയായിരുന്നു തക്കാളിയുടെ വില.
കാലം തെറ്റിയ ശക്തമായ മഴയും ചൂടുകാറ്റും ഉൾപ്പെടെയുള്ള കാലാവസ്ഥ വ്യതിയാനമാണ് തക്കാളി വില കുത്തനെ ഉയരാൻ കാരണമായതെന്നാണ് നിഗമനം. വരുന്ന പതിനഞ്ച് ദിവസങ്ങൾക്കുള്ളിൽ തക്കാളി വില കുറയുമെന്നാണ് പ്രതീക്ഷ. വിലയിലുള്ള വ്യതിയാനം രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് റിസർവ് ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് ആർ.ബി.ഐ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.