ഔറംഗാബാദ് ദുരന്തം: ഹൃദയം തകർന്ന് ഗജരാജ്; കാതിൽ മുഴങ്ങുന്നത് ആ ഫോൺവിളി
text_fieldsശാദോൾ(മധ്യപ്രദേശ്): മകെൻറ ശബ്ദം ആ പിതാവിെൻറ കാതിൽനിന്നൊഴിയുന്നില്ല. അനുജനൊപ്പം താൻ ഉടൻ വീട്ടിലെത്തുമെന്ന് മകൻ വിളിച്ചറിയിച്ചപ്പോൾ വലിയ ആശ്വാസമായിരുന്നു ആ കുടുംബത്തിന്. ലോക്ഡൗണിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ കുടുങ്ങിപ്പോയവരുടെ വാർത്തകളിൽ ആകുലപ്പെട്ട് കഴിയവേയാണ് മക്കൾ വീട്ടിലേക്ക് വരുന്നുവെന്ന ആശ്വാസവിളിയെത്തിയത്. അതോടെ, അവരുടെ വരവിന് കാത്തിരിക്കുേമ്പാഴായിരുന്നു ഞെട്ടിപ്പിക്കുന്ന ആ വാർത്ത. തെൻറ രണ്ടു മക്കളും ട്രെയിൻ കയറി ചതഞ്ഞു മരിച്ചു.
ആ പിതാവ് അതിെൻറ നടുക്കത്തിൽനിന്ന് ഇനിയും മോചിതനായിട്ടില്ല. മധ്യപ്രദേശിലെ ശാദോൾ ജില്ലയിലെ ആന്തോളി ഗ്രാമവാസിയായ ഗജരാജ് സിങ്ങിനാണ് തെൻറ മക്കളായ ബ്രജേഷ്(28), ശിവദയാൽ(25) എന്നിവരെ നഷ്ടമായത്. ഇരുവരുടെയും മൃതദേഹങ്ങൾ അപകടം നടന്ന മഹാരാഷ്ട്രയിലെ ഔറംഗാബാദിൽനിന്ന് ശനിയാഴ്ച ഉച്ചയോടെ പ്രത്യേക ട്രെയിനിൽ നാട്ടിലെത്തിച്ചു. ഗജരാജ് സിങ്ങിനെപ്പോലെ ആന്തോളിലെ രാം നിരഞ്ജനും രണ്ടു മക്കളെ നഷ്ടമായി. നിർവേഷ് സിങ്(20), രവീന്ദ്ര സിങ്(18) എന്നിവരാണ് ദുരന്തത്തിൽപ്പെട്ടത്.
കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരും ബ്യോഹരി എം.എൽ.എ ശരദ് കോളും ഇവരുടെ വീടുകളിലെത്തി. മഹാരാഷ്ട്ര, മധ്യപ്രദേശ് സർക്കാറുകൾ മരിച്ചവരുടെ ആശ്രിതർക്ക് അഞ്ചുലക്ഷം വീതം സഹായം അനുവദിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ജാൽനയിലെ സ്റ്റീൽ ഫാക്ടറിയിൽ ജോലി ചെയ്തിരുന്നവരാണ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച പുലർച്ച ഔറംഗാബാദിൽവെച്ച് ട്രെയിൻ കയറി മരിച്ചത്. രാത്രി 40 കി.മീറ്റർ ദൂരം റെയിൽ പാളത്തിലൂടെ നടന്ന് അവശരായതിനെ തുടർന്ന് ട്രെയിൻ വരില്ലെന്ന ധാരണയിൽ പാളത്തിൽതന്നെ കിടന്നുറങ്ങുകയായിരുന്നു ഇവർ.
പുലർച്ച 5.15ന് അതേ പാളത്തിലൂടെ വന്ന ചരക്ക് ട്രെയിനാണ് തൊഴിലാളികളുടെ ജീവനെടുത്തത്. കോവിഡ് ലോക്ഡൗണിൽ തൊഴിൽ നഷ്ടമായതിനെ തുടർന്ന് രാജ്യവ്യാപകമായി അന്തർ സംസ്ഥാന തൊഴിലാളികൾ കാൽനടയായി ജന്മനാട്ടിലേക്ക് പലായനം ചെയ്യുന്നതിനിടെയാണ് രാജ്യത്തെ നടുക്കിയ ദുരന്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.