യു.പി അപകടം: ട്രെയിൻ പോയത് അറ്റകുറ്റപ്പണി നടക്കുന്ന ട്രാക്കിലൂടെ
text_fieldsമുസഫർനഗർ (യു.പി): 21 പേരുടെ മരണത്തിനിടയാക്കി മുസഫർനഗറിലെ ഖടൗലിയിൽ ശനിയാഴ്ച വൈകീട്ടുണ്ടായ ട്രെയിൻദുരന്തത്തിന് കാരണമായത് റെയിൽവേയുടെ അനാസ്ഥയെന്ന് സൂചന. അറ്റകുറ്റപ്പണി നടന്നുെകാണ്ടിരുന്ന ട്രാക്കിലൂടെ മുന്നറിയിപ്പ് ലഭിക്കാത്തതിനാൽ ട്രെയിൻ അതിവേഗം പോയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ട്രാക്കിൽ ജോലികൾ നടക്കുന്നത് ലോക്കോ പൈലറ്റും ഖടൗലി സ്റ്റേഷൻ അധികൃതരും അറിഞ്ഞില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അപകടം അട്ടിമറിയല്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ ശനിയാഴ്ച രാത്രി തന്നെ വ്യക്തമാക്കിയിരുന്നു.
ഒഡിഷയിലെ പുരിയിൽനിന്ന് ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോയ ഉത്കൽ എക്സ്പ്രസിെൻറ 23 കോച്ചുകളിൽ 13 എണ്ണമാണ് ഖടൗലിയിൽ പാളം തെറ്റി മറിഞ്ഞത്. സംഭവത്തിൽ 21 പേർ മരിച്ചതായാണ് റെയിൽവേയുടെ കണക്ക്. 97 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ 26 പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ 156 പേർക്ക് പരിക്കേറ്റതായി യു.പി സർക്കാറിെൻറ ഇൻഫർമേഷൻ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അവനീഷ് കുമാർ അവസ്തി പറഞ്ഞു. അതിനിടെ, 50 പേരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
എസ് ഒന്നുമുതൽ 10 വരെയും തേർഡ് എ.സി ബി-1, സെക്കൻഡ് എ.സി എ-1, പാൻട്രി കോച്ചുകളുമാണ് അപകടത്തിൽെപട്ടത്. ബോഗികൾ തമ്മിലെ കൂട്ടിയിടിയുടെ ആഘാതത്തിൽ ഇതിൽ ആറ് കോച്ചുകൾ പൂർണമായി തകർന്നു. മറിഞ്ഞ ബോഗികളിലൊന്ന് ട്രാക്കിന് സമീപത്തെ വീട്ടിലേക്ക് ഇടിച്ചുകയറി. മറ്റ് ബോഗികൾ പാഞ്ഞുകയറി ഒരു കോളജിനും നാശനഷ്ടമുണ്ടായി.
പ്രാഥമിക തെളിവുകളെ അടിസ്ഥാനപ്പെടുത്തി, എന്താണ് അപകടകാരണമെന്ന് വൈകീേട്ടാടെ വ്യക്തമാക്കണമെന്ന് റെയിൽേവ മന്ത്രി സുരേഷ് പ്രഭു റെയിൽവേ ബോർഡ് ചെയർമാനോട് ആവശ്യപ്പെട്ടു. അപകടത്തെപ്പറ്റി ശനിയാഴ്ചതന്നെ കേന്ദ്രം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഹൈടെക് ക്രെയിനുകളും നിരവധി ജീവനക്കാരെയും നിയോഗിച്ച് ഞായറാഴ്ച ഉച്ചയോടെ, അപകടത്തിൽെപട്ട ബോഗികൾ സംഭവസ്ഥലത്തുനിന്ന് നീക്കം ചെയ്തു. ട്രാക്ക് പുനഃസ്ഥാപിക്കൽ അതിവേഗം പുരോഗമിക്കുകയാണെന്നും അതിനാണ് പ്രഥമ പരിഗണനയെന്നും സുരേഷ് പ്രഭു അറിയിച്ചു.
ട്രെയിൻ 100 കിലോമീറ്റർ വേഗത്തിലാണ് ഒാടിയിരുന്നതെന്ന് ഡൽഹി ഡിവിഷൻ ഡി.ആർ.എം ആർ.എൻ. സിങ് വാർത്ത ഏജൻസിയോട് പറഞ്ഞു. ഡൽഹിയിൽനിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം.
യു.പി പൊലീസ്, ആർ.പി.എഫ് അടക്കം സുരക്ഷ^സൈനികവിഭാഗങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ശനിയാഴ്ച രാത്രിയോടെ ബോഗികളിൽ കുടുങ്ങിയ മുഴുവൻ പേരെയും കൂടാതെ മൃതദേഹങ്ങളും പുറത്തെടുത്തിരുന്നു. പരിക്കേറ്റവരെ മുസഫർനഗറിലെയും മീറത്തിലെയും ആശുപത്രികളിലാണ് പ്രവേശിപ്പിച്ചത്. മീറത്തിലേക്ക് ഖടൗലി വഴി പോകുന്ന ട്രെയിനുകളിൽ ചിലത് റദ്ദാക്കുകയും മറ്റ് ചിലവ തിരിച്ചുവിടുകയും ചെയ്തിരുന്നു. ഞായറാഴ്ച രാത്രിയോടെ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.