ഒഴിയാതെ ട്രെയിനപകടങ്ങൾ; എവിടെ രക്ഷാ‘കവചം’?
text_fieldsട്രെയിൻ കൂട്ടിയിടി ഇനി പഴങ്കഥയായി മാറുമെന്ന അവകാശവാദവുമായി 2015 മുതൽ പരീക്ഷണഘട്ടത്തിലുള്ള റെയിൽവേയുടെ തീവണ്ടി സുരക്ഷ സാങ്കേതിക വിദ്യയായ ‘കവച്’ എന്തുകൊണ്ട് സർക്കാറിന് പൂർത്തീകരിക്കാനാകുന്നില്ല എന്ന ചോദ്യം ഉയർന്നിരിക്കുകയാണിപ്പോൾ ഒഡിഷയിലെ ബാലാസോറിൽ നുറൂകണക്കിനുപേരുടെ ജീവനെടുത്ത ട്രെയിൻ കൂട്ടിയിടികൾ അരങ്ങേറിയിട്ടും ഇന്ത്യൻ റെയിൽവേയെ മുമ്പെങ്ങുമില്ലാത്തവിധം ഉയരങ്ങളിലെത്തിച്ചുവെന്ന് തെരഞ്ഞെടുപ്പുകാലത്ത് നിരത്തിയ മോദി സർക്കാറിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം വീണ്ടും വെളിപ്പെടുത്തി മറ്റൊരു ദുരന്തംകൂടി. തിങ്കളാഴ്ച രാവിലെ പശ്ചിമ ബംഗാളിലെ ഡാർജിലിങ് ജില്ലയിൽ രംഗപാണിക്ക് സമീപം കാഞ്ചൻജംഗ എക്സ്പ്രസിന്റെ പിന്നിൽ ചരക്കുട്രെയിൻ ഇടിച്ച് മരിച്ചവരുടെ എണ്ണം 10 ആയി. പരിക്കേറ്റ 37 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീൽദായിലേക്ക് പോവുകയായിരുന്നു ട്രെയിൻ. അപകടത്തിൽ നാലു കോച്ചുകൾ തകർന്നു.
ട്രെയിൻ കൂട്ടിയിടി ഇനി പഴങ്കഥയായി മാറുമെന്ന അവകാശവാദവുമായി 2015 മുതൽ പരീക്ഷണഘട്ടത്തിലുള്ള റെയിൽവേയുടെ തീവണ്ടി സുരക്ഷ സാങ്കേതിക വിദ്യയായ ‘കവച്’ എന്തുകൊണ്ട് സർക്കാറിന് പൂർത്തീകരിക്കാനാകുന്നില്ല എന്ന ചോദ്യം ഉയർന്നിരിക്കുകയാണിപ്പോൾ. വിഷയത്തിൽ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തുവന്നിരിക്കുകയാണ്. അറ്റകുറ്റപ്പണിക്കുശേഷം ചൊവ്വാഴ്ചയോടെ ഇതുവഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചുവെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലം സന്ദർശിച്ചുവെന്നുമുള്ള കേന്ദ്ര സർക്കാറിന്റെ പതിവു പ്രസ്താവനയിൽ ദുരന്തം ഒതുക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തിൽ തുടരുന്ന അനാസ്ഥ വെളിപ്പെടുകയാണ്.
‘കവചി’ലെന്ത്?
ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള റിസർച് ഡിസൈൻ ആൻഡ് സ്റ്റാൻഡേഡ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ) വികസിപ്പിച്ച സാങ്കേതിക വിദ്യയാണ് ‘കവച്’. മോദി സർക്കാർ അഭിമാനപദ്ധതിയായി അവതരിപ്പിച്ച ഈ സാങ്കേതിക വിദ്യയിലൂടെ തീവണ്ടികളുടെ കൂട്ടിമുട്ടൽ മുൻകൂട്ടി മനസ്സിലാക്കാനും അതുവഴി അപകടം ഒഴിവാക്കാനും സാധിക്കും. 2022ലെ ബജറ്റിൽ 3000 കിലോമീറ്റർ പാത ‘കവചിത’മാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2025ഓടെ 35,000 കിലോമീറ്റർ പാതയിലും ഈ സാങ്കേതികവിദ്യ ആവിഷ്കരിക്കുമെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു.
എന്നാൽ, ബജറ്റ് പ്രഖ്യാപനം ഇപ്പോഴും കടലാസിലാണെന്ന് തുറന്നു സമ്മതിക്കുകയാണ് കഴിഞ്ഞദിവസത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ റെയിൽവേയുടെ വാർത്തക്കുറിപ്പ്. 3000 കിലോമീറ്റർ പാതയിൽ കവച് സാങ്കേതിക വിദ്യ ഘടിപ്പിച്ചുവരുന്നതായാണ് പത്രക്കുറിപ്പിലുള്ളത്. ഇതുതന്നെയാണ് പ്രതിപക്ഷവും ഉന്നയിക്കുന്ന വിമർശനം. ബാലാസോറിൽ 296 പേരുടെ മരണത്തിനിടയാക്കിയ അപകടം കവച് ഉണ്ടായിരുന്നുവെങ്കിൽ ഒഴിവാക്കാമായിരുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. തുടർന്ന്, കവച് വേഗത്തിൽ മുഴുവൻ പാതയിലും ആവിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി മോദി അടക്കമുള്ളവർ വാഗ്ദാനം ചെയ്തു.എന്നാൽ, അതിനുശേഷം ഒരിഞ്ച് റെയിൽ പാതയിൽ പോലും കവച് ആവിഷ്കരിക്കാൻ റെയിൽവേക്കായിട്ടില്ല.
നികത്താതെ മൂന്നു ലക്ഷം ഒഴിവുകൾ
റെയിൽവേയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. മൂന്ന് ലക്ഷം ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. പല റെയിൽവേ ക്രോസുകളിലും ആളില്ലാത്തതിനാൽ അപകടം പതിവാകുന്നു. അതേസമയം, തീവണ്ടി അപകടങ്ങൾ കഴിഞ്ഞ പത്തു വർഷത്തിനിടെ കുറഞ്ഞുവെന്നാണ് സർക്കാറിന്റെയും റെയിൽവേയുടെയും വാദം. എണ്ണം വെച്ചുനോക്കുമ്പോൾ ഇത് ശരിയാണെങ്കിലും സാങ്കേതികവിദ്യ കണക്കിലെടുക്കുകയാണെങ്കിൽ ട്രെയിൻ ദുരന്തങ്ങളുടെ എണ്ണം പൂജ്യത്തിലെത്തിക്കാൻ ഈ സമയത്ത് കഴിയേണ്ടതാണ്. എന്നാൽ, ലഭ്യമായ സാങ്കേതികവിദ്യപോലും കൃത്യമായി പ്രയോഗിക്കുന്നതിൽ റെയിൽവേ തുടർച്ചയായി പരാജയപ്പെടുന്നു.
ട്രെയിൻ യാത്ര പേടിസ്വപ്നം–കോൺഗ്രസ്
ന്യൂഡൽഹി: റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് പദവിയിൽ തുടരാൻ ധാർമിക അവകാശമില്ലെന്നും രാജിവെക്കണമെന്നും കോൺഗ്രസ്. ഒരു വർഷത്തിനിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ട്രെയിൻ ദുരന്തമാണ് പശ്ചിമ ബംഗാളിലുണ്ടായത്. അദ്ദേഹത്തിന് കീഴിലുള്ള റെയിൽവേ ഒരു പാഠവും പഠിച്ചിട്ടില്ലെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പത്തുവർഷത്തിനിടെ റെയിൽസുരക്ഷ തകിടംമറിഞ്ഞു. റെയിൽവേ സുരക്ഷക്ക് വേണ്ടിയുള്ള ഫണ്ട് വകമാറ്റി പാത്രങ്ങൾ, ഫർണിച്ചർ, മസാജറുകൾ എന്നിവ വാങ്ങാൻ ഉപയോഗിച്ചിരിക്കുകയാണെന്ന് സി.എ.ജി റിപ്പോർട്ടുണ്ട്. ട്രെയിൻ യാത്ര ഇന്ന് പേടിസ്വപ്നമാണ്. ഒരേ ട്രാക്കിൽ ഓടിയാൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാനുള്ള ‘കവച്’ സംവിധാനം നടപ്പാക്കിയെന്ന് അശ്വിനി വൈഷ്ണവ് നിരന്തരം അവകാശപ്പെട്ടിരുന്നു. പിന്നെയെങ്ങനെയാണ് ദുരന്തം ആവർത്തിക്കുന്നതെന്നും അവർ ചോദിച്ചു. റെയിൽവേയിൽ 3.12 ലക്ഷം ഒഴിവുകളുണ്ടായിട്ടും അവ നികത്തുന്നില്ല. ലോക്കോ പൈലറ്റുമാരുടെ 21 ശതമാനം തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ചില സമയങ്ങളിൽ മനുഷ്യപിഴവ് മൂലമാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഇത് ജീവനക്കാരുടെ അമിതഭാരത്തിന്റെ ഫലമാണെന്നും കോൺഗ്രസ് വക്താവ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.