കാർഷിക ബിൽ; പഞ്ചാബിൽ കർഷക സംഘടനകളുടെ 'റെയിൽ റോക്കോ' സമരം
text_fieldsഅമൃത്സർ: കാർഷിക ബില്ലുകൾക്കെതിരെ പഞ്ചാബിൽ കർഷകരുടെ 'റെയിൽ റോക്കോ' സമരം ആരംഭിച്ചു. നരേന്ദ്രമോദി സർക്കാർ അവതരിപ്പിച്ച മൂന്ന് ബില്ലുകളും രാജ്യസഭയിൽ പാസാക്കിയതിന് പിന്നാലെയാണ് പ്രതിഷേധം. മൂന്ന് ദിവസമാണ് ട്രെയിൻ തടയൽ സമരം. ട്രെയിൻ തടയുമെന്നതിനാൽ ഫിറോസ്പുർ റെയിൽവേ ഡിവിഷൻ സ്പെഷൽ ട്രെയിൻ സർവിസ് താൽകാലികമായി നിർത്തിവെച്ചു.
സെപ്റ്റംബർ 24 മുതൽ 26 വരെയുള്ള 14 ജോഡി ട്രെയിനുകളാണ് സസ്പെൻഡ് ചെയ്തതെന്ന് െറയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷിതത്വവും റെയിൽവേയുടെ സ്വത്ത് നശിപ്പിച്ചാലുണ്ടാകുന്ന നഷ്ടവും കണക്കിലെടുത്താണ് തീരുമാനമെന്നും അധികൃതർ അറിയിച്ചു. നിലവിൽ കോവിഡ് 19നെ തുടർന്ന് ദൈനംദിന ട്രെയിൻ സർവിസുകൾ നിർത്തിവെച്ചിരിക്കുകയാണ്.
കാർഷികോൽപന്ന വ്യാപാര പ്രോത്സാഹന ബിൽ, കർഷക ശാക്തീകരണ, വിലസ്ഥിരത, കാർഷിക സേവന ബിൽ, അവശ്യസാധന നിയമ ഭേദഗതി ബിൽ തുടങ്ങിയവയാണ് രാജ്യസഭയിൽ പാസാക്കിയത്. കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റെയിൽ റോക്കോ സമരം. പിന്നീട് വിവിധ കർഷക സംഘടനകളും സമരത്തിൽ പങ്കുേചർന്നു. രാജ്യത്തുടനീളം കോൺഗ്രസിെൻറ നേതൃത്വത്തിൽ പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്.
ഭാരതീയ കിസാൻ യൂനിയൻ പ്രവർത്തകർ വ്യാഴാഴ്ച രാവിലെ ബർണാല മുതൽ സങ്ക്രൂർ വരെയുള്ള റെയിൽവേ പാളത്തിൽ കുത്തിയിരുന്നിരുന്നു. കിസാൻ മസ്ദൂർ സംഘർഷിെൻറ നേതൃത്വത്തിലും ബാനറുകളുമായെത്തി റെയിൽവേ പാളത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. സെപ്റ്റംബർ 25 ന് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചാബിൽ പ്രതിഷേധ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിൽ നിയമമാകുന്നതോടെ കർഷകർക്ക് നൽകിവരുന്ന അടിസ്ഥാന താങ്ങുവില സമ്പ്രദായം ഇല്ലാതാകുമെന്നും കാർഷിക മേഖലയെ കോർപറേറ്റുകൾ കീഴടക്കുമെന്നും കർഷകർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.