ചങ്ങല വലിച്ച് ട്രെയിൻ നിർത്തി 27 പവൻ കവർന്നു
text_fieldsചെന്നൈ: തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ അർധരാത്രി അപായചങ്ങല വലിച്ച് െട്രയിൻ നിർത്തി യാത്രക്കാരായ സ്ത്രീകളിൽനിന്ന് 27 പവൻ സ്വർണാഭരണം കവർന്നു. ബംഗളൂരു സിറ്റി - ചെന്നൈ സെൻട്രൽ മെയിൽ തീവണ്ടിയിലാണ് കൊള്ള നടന്നത്. വെല്ലൂർ ജോലാർപേട്ട് സ്റ്റേഷന് സമീപം പറയൂർ ഗ്രാമത്തിന് അടുത്തായി ഞായറാഴ്ച അർധരാത്രി 1.15നാണ് സംഭവം. െട്രയിനിലുണ്ടായിരുന്ന കൊള്ള സംഘാംഗങ്ങളിൽപെട്ടവരാണ് അപായചങ്ങല വലിച്ച് വണ്ടി നിർത്തിയത്. പ്രദേശത്ത് തമ്പടിച്ചിരുന്ന മറ്റുള്ളവർ എസ്.4 മുതൽ എസ് 8 വരെ സ്ലീപ്പർ കോച്ചുകളിൽ ഉറങ്ങിക്കിടന്ന സ്ത്രീകളുടെ ആഭരണങ്ങൾ പൊട്ടിച്ചു കടന്നുകളയുകയായിരുന്നു.
സ്ത്രീകൾ ബഹളം വെച്ചതോടെ മറ്റ് യാത്രക്കാർ ഉണർന്ന് കൊള്ളക്കാരെ പിടികൂടാൻ ശ്രമിച്ചെങ്കിലും ശരീരമാസകലം എണ്ണ പൂശിയിരുന്ന ഇവർ വഴുതിപ്പോയി. സമീപറോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ കൊള്ളക്കാർ രക്ഷപ്പെടുകയായിരുന്നു. ചെന്നൈ സ്വദേശികളായ കാമാക്ഷി, തസിയ, ബ്രിന്ധ, ശേഷകുമാരി, ബംഗളൂരു സ്വദേശിനികളായ സരസ്വതി, മീനാക്ഷി എന്നിവരുടെ സ്വർണമാണ് നഷ്ടപ്പെട്ടത്.
െട്രയിൻ കൊള്ള തുടർച്ചയായ സേലത്തിനും വെല്ലൂരിനുമിടയിൽ വണ്ടികളിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാനും 24 മണിക്കൂറും നിരീക്ഷണം ശക്തമാക്കാനും റെയിൽവേ തീരുമാനിച്ചു. ആഴ്ചകൾക്ക് മുമ്പ് തിരുവനന്തപുരം - ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാർ ധർമപുരിക്ക് സമീപം കൊള്ളയടിക്കപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.