മൺസൂൺ ടൈംടേബിൾ അവസാനിച്ചു; കൊങ്കൺ വഴി ട്രെയിനുകൾ പഴയ സമയത്തിലേക്ക്
text_fieldsതിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് ഏർപ്പെടുത്തിയ മൺസൂൺ ടൈംടേബിൾ അവസാനിച്ചതോടെ ചൊവ്വാഴ്ച (നവംബർ ഒന്ന്) മുതൽ പഴയ സമയക്രമത്തിൽ ഓടിത്തുടങ്ങി. 26 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റമുണ്ടായിരുന്നത്. ഇതിൽ ഏഴ് ട്രെയിനുകളുടെ സമയത്തിലായിരുന്നു കാര്യമായ മാറ്റം.
എറണാകുളം ജങ്ഷൻ- ഹസ്രത്ത് നിസാമുദ്ദീൻ പ്രതിദിന മംഗള ലക്ഷദ്വീപ് എക്സ്പ്രസ് (12617) ഉച്ചക്ക് 1.25നും തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12431) വൈകീട്ട് 7.15 നും തിരുവനന്തപുരം സെൻട്രൽ - ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര ട്രെയിൻ (22653) പുലർച്ച 12.30നും എറണാകുളം- അജ്മീർ പ്രതിവാര മരുസാഗർ എക്സ്പ്രസ് (12977) രാത്രി 8.25നും തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് (22659) രാവിലെ എട്ടിനും കൊച്ചുവേളി- ഋഷികേശ് വീക്ക്ലി എക്സ്പ്രസ് (22659) രാവിലെ 9.10നും കൊച്ചുവേളി- ലോകമാന്യതിലക് ഗരീബ് രഥ് എക്സ്പ്രസ് (12202) രാവിലെ 8.45നും യാത്ര ആരംഭിക്കുന്ന പഴയ സമയക്രമമാണ് നിലവിൽവന്നത്.
തിരുവനന്തപുരം-മുംബൈ ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് (16346) തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റമുണ്ടായിരുന്നില്ലെങ്കിലും ഷൊർണൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്, മംഗളൂരു എന്നിവിടങ്ങളിൽ നേരത്തേ എത്തിയിരുന്നു. മൺസൂൺ സമയക്രമം അവസാനിച്ചതോടെ നേരത്തേയെത്തൽ ഒഴിവായി. 2022 ജൂൺ 10 മുതൽ 2022 ഒക്ടോബർ 31 വരെയായിരുന്നു കൊങ്കൺ പാതയിലെ മൺസൂൺ ടൈംടേബിൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.