അധികാരം ദുർവിനിയോഗം ചെയ്ത പൂജ ഖേദ്കറിന്‍റെ പരിശീലനം നിർത്തി; തിരിച്ചു വിളിച്ച് ഐ.എ.എസ് അക്കാദമി
text_fieldsപൂണെ: മഹാരാഷ്ട്ര സർക്കാറിന്‍റെ ജില്ല പരിശീലന പരിപാടിയിൽ നിന്ന് വിവാദ ഐ.എ.എസ് ഓഫീസർ (ട്രെയ്നി) പൂജ ഖേദ്കറിനെ ഒഴിവാക്കി. അഡീഷനൽ ചീഫ് സെക്രട്ടറി നിതിൻ ഗാദ്രെ കത്തിലൂടെയാണ് പൂജ ഖേദ്കറിനെ ഇക്കാര്യം അറിയിച്ചത്. പൂജ ഖേദ്കറിന്‍റെ പരിശീലനം നിർത്തിവെക്കാനും തിരിച്ചു വിളിക്കാനും മസൂറിയിലെ ഐ.എ.എസ് അക്കാദമി തീരുമാനിച്ചതായി അഡീഷനൽ ചീഫ് സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2023 ബാച്ച് ഉദ്യോഗസ്ഥയാണ് പൂജ.
അധികാരം ദുർവിനിയോഗം ചെയ്തതിനെ തുടർന്ന് സ്ഥലംമാറ്റിയ അസിസ്റ്റന്റ് കലക്ടർ പൂജ ഖേദ്കർ കുറ്റക്കാരിയാണെന്ന് കണ്ടാൽ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ഓഡി കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും ചുമതലയേൽക്കുന്നതിന് മുമ്പ് പ്രത്യേക വീടും കാറും വേണമെന്നായിരുന്നു പൂജ ജില്ലാകലക്ടറോട് ആവശ്യപ്പെട്ടത്. സർട്ടിഫിക്കറ്റിൽ തിരിമറി നടത്തിയിട്ടാണ് ഐ.എ.എസ് നേടിയത് എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് പൂജക്കെതിരെ ഇപ്പോൾ ഉയർന്നുവന്നത്.
ഔഡി കാറില്‍ ചുവപ്പും നീലയും നിറത്തിലുള്ള ബീക്കണ്‍ലൈറ്റ് ഘടിപ്പിച്ച പൂജ മഹാരാഷ്ട്ര സര്‍ക്കാര്‍ എന്നെഴുതിയ സ്റ്റിക്കറും വാഹനത്തില്‍ ഒട്ടിച്ചിരുന്നു. പൂജക്കെതിരായ ആരോപണങ്ങളിൽ അഡീഷനൽ സെക്രട്ടറി മനോജ് ദ്വിവേദി അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ പൂജയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ട്. മാത്രമല്ല ക്രിമിനൽ നടപടികളും നേരിടേണ്ടി വരും.
പുണെ അസിസ്റ്റന്റ് കലക്ടറായിട്ടായിരുന്നു പൂജയെ നിയമിച്ചത്. വിവാദമുയർന്നതോടെ അവരെ വാഷിമിലേക്ക് മാറ്റി. വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ് പൂജയുടെ പിതാവ്. പൂജയുടെ ആവശ്യങ്ങൾ നിറവേറ്റണമെന്നാവശ്യപ്പെട്ട് പിതാവും ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയതായും ആരോപണമുണ്ട്. അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് തന്നെ തനിക്ക് പ്രത്യേകം വീടും കാറും വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടറുമായി പൂജ നടത്തിയ വാട്സ് ആപ് സംഭാഷണങ്ങൾ പുറത്തു വന്നിരുന്നു. തുടർന്ന് ചുമതലയേറ്റെടുക്കുന്നതിന് മുമ്പ് തന്നെ ഇത്തരത്തിൽ അമിതാധികാരം പ്രയോഗിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥയുടെ പരിശീലനം പൂണെയിൽ തുടരാനാകില്ലെന്ന് കാണിച്ച് കലക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകുകയായിരുന്നു.
വിവാദത്തിനു പിന്നാലെ പൂജയുടെ രേഖകൾ പരിശോധിച്ചപ്പോൾ യു.പി.എസ്.സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവുകൾ ലഭിക്കാൻ ഹാജരാക്കിയത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റാണെന്നും കണ്ടെത്തി. മാർക്ക് കുറവായിരുന്നതിനാൽ വൈകല്യങ്ങൾ ചൂണ്ടിക്കാണിച്ച് ഐ.എ.എസ് നേടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അഖിലേന്ത്യ തലത്തിൽ പൂജക്ക് 841ാം റാങ്ക് ആണ് ലഭിച്ചത്. വൈകല്യങ്ങൾ പരിശോധിക്കാൻ വൈദ്യ പരിശോധനക്ക് ഹാജരാകാൻ യു.പി.എസ്.സി ആവശ്യപ്പെട്ടപ്പോഴും ഓരോരോ കാരണങ്ങൾ പറഞ്ഞ് ഇവർ ഒഴിഞ്ഞുമാറി. പിന്നീട് സ്വകാര്യ ആശുപത്രിയിൽ നിന്ന് വൈകല്യങ്ങളുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് സ്വന്തമാക്കി. അതുപോലെ, ഒ.ബി.സി വിഭാഗത്തിലെ ക്രീമിലെയർ സർട്ടിഫിക്കറ്റ് ലഭിക്കാൻ പിതാവിന്റെ വാർഷിക വരുമാനത്തിലും ക്രമക്കേട് നടത്തിയെന്നും സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.