ഇരിക്കാൻ ഒരു സ്ഥലം ചോദിച്ചതാണോ മകൾ ചെയ്ത തെറ്റ്? -വിവാദ ഐ.എ.എസ് ട്രെയ്നിയെ ന്യായീകരിച്ച് പിതാവ്
text_fieldsപുണെ: മഹാരാഷ്ട്രയിലെ വിവാദ ഐ.എ.എസ് ട്രെയ്നി പൂജ ഖേദ്കറെ ന്യായീകരിച്ച് പിതാവും റിട്ട. സിവിൽ സർവീസ് ഉദ്യോഗസ്ഥനുമായ ദിലീപ് ഖേദ്കർ രംഗത്ത്. മകൾക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഒരു തെറ്റും ചെയ്യാതെയാണ് അവളെ ക്രൂശിക്കുന്നതെന്നും ദിലീപ് ഖേദ്കർ പറഞ്ഞു. ഇരിക്കാൻ ഒരു സ്ഥലം ചോദിച്ചതാണോ മകൾ ചെയ്ത തെറ്റെന്നും അദ്ദേഹം ചോദിച്ചു.
അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്നതിന് മുമ്പ് അനുചിതമായ ആവശ്യങ്ങൾ ഉന്നയിച്ചയിനും സ്വകാര്യ കാറിൽ ബീക്കൺ ലൈറ്റ് ഘടിപ്പിച്ചതിനും മഹാരാഷ്ട്ര സർക്കാർ എന്ന സ്റ്റിക്കർ പതിച്ചതിനുമാണ് പൂജയെ പുണെയിൽ നിന്ന് ട്രാൻസ്ഫർ ചെയ്തത്.
മഹാരാഷ്ട്ര കേഡറിലെ 2023ലെ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് പൂജ. സിവിൽ സർവീസ് ഉദ്യോഗസ്ഥയെന്ന നിലയിൽ അധികാരം ദുർവിനിയോഗം ചെയ്ത് പ്രത്യേക ഓഫിസും കാറും താമസിക്കാൻ വീടും പൂജ ആവശ്യപ്പെട്ടുവെന്നാണ് ആരോപണം ഉയർന്നത്. പുണെയിൽ അസിസ്റ്റന്റ് കലക്ടർ ആയി ചേരുന്നതിന് തൊട്ടുമുമ്പായിരുന്നു പൂജ കലക്ടറേറ്റിലെ ജീവനക്കാരോട് ഈ ആവശ്യങ്ങൾ ഉന്നയിച്ചത്.
''എന്റെ മകൾ തെറ്റായി ഒന്നും ചെയ്തിട്ടില്ല. ഒരു സ്ത്രീയെന്ന നിലയിൽ ഇരിക്കാൻ പ്രത്യേക ഇടം ചോദിച്ചതാണോ തെറ്റ്? ഈ വിഷയം അന്വേഷിക്കാൻ കമ്മിറ്റിയെ രൂപീകരിച്ചിട്ടുണ്ട്. എന്താണ് അവരുടെ റിപ്പോർട്ട് എന്ന് നോക്കാം. ഇത് ചിലർ മനഃപൂർവം വലിയ പ്രശ്നമാക്കാൻ നോക്കുകയാണ്.''-ദിലീപ് ഖേദ്കർ ഇന്ത്യ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ സൂചിപ്പിച്ചു.
ആരാണ് വിവാദമുണ്ടാക്കുന്നതിന് പിന്നിലെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. പൂജ ക്രീമിലെയർ വിഭാഗത്തിലാണോ അതോ നോൺ ക്രീമിലെയർ വിഭാഗത്തിലാണോ ഉൾപ്പെടുന്നത് എന്ന് ചോദിച്ചപ്പോൾ അത് കമ്മിറ്റിക്കു മുന്നിൽ വ്യക്തമാക്കും എന്നായിരുന്നു മറുപടി. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ വിഷയത്തിൽ കൂടുതൽ പ്രതികരിക്കുന്നത് ഉചിതമല്ലെന്നും വ്യക്തമാക്കി.
വൈകല്യങ്ങളുണ്ടെന്ന അവകാശവാദം പരിശോധിക്കാൻ പൂജ ഡൽഹി എയിംസിൽ ഹാജരായില്ലെന്ന വാദം അർദ്ധ സത്യം മാത്രമാണെന്നും യു.പി.എസ്.സിക്ക് കർശനമായ നിയമങ്ങളുണ്ടെന്നും ദിലീപ് ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ 20-25 പേരുടെ ഒരു മെഡിക്കൽ ബോർഡുണ്ട്. അവരെ ഒരിക്കലും പറ്റിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.