പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ട്രെയിനുകൾ ഉപയോഗിക്കാം; പുതിയ മാർഗനിർദേശവുമായി ഇന്ത്യൻ എംബസി
text_fieldsയുക്രെയ്ൻ-റഷ്യ യുദ്ധം ശക്തമായിക്കൊണ്ടിരിക്കെ പ്രശ്നബാധിത പ്രദേശങ്ങളിൽനിന്നും സുരക്ഷിത സ്ഥാനത്തേക്ക് എത്താൻ ഇന്ത്യക്കാർക്ക് ട്രെയിൻ സർവിസുകൾ ഉപയോഗിക്കാമെന്ന നിർദേശവുമായി ഇന്ത്യൻ എംബസി. റെയിൽ മാർഗം വഴിയുള്ള യാത്ര സുരക്ഷിതമാണെന്നും എംബസി അറിയിച്ചു. പൂർണ്ണമായും സൗജന്യമായ യാത്രയിൽ സ്റ്റേഷനിൽ ആദ്യമെത്തുന്നവർക്കായിരിക്കും ആദ്യ സേവനം ലഭിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും റെയിൽവേ സ്റ്റേഷനിൽ മുൻഗണന നൽകും.
ഇന്ത്യക്കാരോട് കൂട്ടമായി യാത്ര ചെയ്യണമെന്ന് എംബസി നിർദേശിച്ചു. തനിച്ചാണെങ്കിൽ മറ്റ് ഇന്ത്യൻ യാത്രക്കാരെ കണ്ടെത്തി അവരോടൊപ്പം യാത്ര തുടരണം. യുക്രെയ്നിൽ അകപ്പെട്ട ഇന്ത്യൻ വംശജരെ റൊമാനിയയും ഹംഗറിയും വഴി രക്ഷപ്പെടുത്താനുള്ള ദൗത്യം തുടരുകയാണ്. യുക്രെയ്ന്‍റെ അയൽരാജ്യങ്ങളുമായി കൂടുതൽ അതിർത്തികൾ തുറക്കാൻ വേണ്ട നടപടി സ്വീകരിച്ചതായും അധികൃതർ അറിയിച്ചു.
പ്രശ്നബാധിത മേഖലകളിൽനിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ പ്രത്യേക ട്രെയിൻ സർവിസുകൾ യുക്രെയിൻ ആരംഭിച്ചിട്ടുണ്ട്. https://www.uz.gov.ua/ എന്ന വെബ്സൈറ്റിലൂടെ ട്രെയിനുകളുടെ സമയവും മറ്റ് വിവരങ്ങളും അറിയാനാകും. വിവരങ്ങൾ അറിയാൻ റെയിൽവേ സ്റ്റേഷനിൽ സ്ഥാപിച്ച ഡിജിറ്റൽ ബോർഡുകൾ പരിശോധിക്കണമെന്നും അധികൃതർ അറിയിച്ചു. ട്രെയിനുകൾ സംബന്ധിച്ച പുതിയ വിവരങ്ങൾക്കായി https://t.me/Ukrzallnfo എന്ന ടെലഗ്രാം ചാനലോ, യുക്രെയ്ൻ റെയിൽവേയുടെ https://www.facebook.com/Ukrzaliznytsia/ എന്ന ഫേസ്ബുക്ക് പേജോ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.