യാത്ര പഴയ സ്കൂട്ടറിൽ, മുറ്റത്ത് ക്വാളിസും മാരുതിയും, ജോലിക്കാരില്ല; വേദനിക്കുന്ന കോടീശ്വരൻ നയിച്ചത് 'ലളിത ജീവിത'മെന്ന് നാട്ടുകാർ
text_fieldsലഖ്നോ: ഉത്തർപ്രദേശ് കാൺപൂരിലെ ബിസിനസുകാരനായ പീയുഷ് ജെയിൻ നാട്ടുകാർക്കിടയിൽ നയിച്ചത് ലളിത ജീവിതം. പഴയ സ്കൂട്ടറിൽ താമസ സ്ഥലത്തുനിന്ന് കനൗജിലെ സ്ഥാപനത്തിലെത്തും.
വീട്ടുമുറ്റത്ത് ഒരു ക്വാളിസും മാരുതിയും മാത്രം നിർത്തിയിട്ടിരിക്കുന്നു. എന്നാൽ, പെർഫ്യൂം വ്യവസായിയായ പീയുഷ് ജെയിനിന്‍റെ വീട്ടിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിടിച്ചെടുത്തത് കോടികളുടെ കള്ളപ്പണവും.
കെമിസ്റ്റായ പിതാവിൽനിന്നാണ് പെർഫ്യൂം നിർമാണത്തിന്‍റെ പാഠങ്ങൾ ജെയിൻ പഠിച്ചെടുത്തത്. കാൺപൂരിലെത്തി ബിസിനസ് ആരംഭിച്ചു. 15 വർഷത്തിനുള്ളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബിസിനസ് സാമ്രാജ്യം വ്യാപിപ്പിച്ചു. മുംബൈയിലും ഗുജറാത്തിലും ഇദ്ദേഹത്തിന്‍റെ ബിസിനസ് സ്ഥാപനം പടർന്നുപന്തലിച്ച് വരുന്നതിനിടെയായിരുന്നു നികുതി വകുപ്പിന്‍റെ പരിശോധന.
ബിസിനസ് പന്തലിച്ചതോടെ സഹോദരൻ അംബ്രീഷും കനൗജും കാൺപൂരിൽ താമസിച്ചിരുന്ന വീട് പുതുക്കിപണിതു. എങ്കിലും ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായി നഗരത്തിന് പുറത്തേക്കിറങ്ങുന്നത് പഴയ സ്കൂട്ടറിലായിരിക്കും. പണം സൂക്ഷിച്ചിരുന്ന വീട്ടിൽ ജീവനക്കാരെ ആരെയും നിയമിച്ചിരുന്നില്ല -നാട്ടുകാർ പറയുന്നു.
കള്ളപ്പണം കണ്ടെടുത്തതിന് പിന്നാലെ പീയുഷ് ജെയിനിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. 195 കോടി രൂപയും 23 കിലോ സ്വർണവും ആറുകോടിയുടെ ചന്ദനത്തൈലവും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. കാൺപൂരിലെയും ഉജ്ജയിനിലെയും വസതിയിലും സ്ഥാപനങ്ങളിലുമായിരുന്നു ജി.എസ്.ടി, ആദായനികുതി വകുപ്പുകളുടെ പരിശോധന.
പീയുഷ് ജെയിനിന്‍റെ താമസസ്ഥലത്തുനിന്ന് 177.45 കോടിയുടെ കള്ളപ്പണമാണ് പിടിച്ചെടുത്തത്. കനൗജിലെ ഫാക്ടറിയിൽനിന്ന് 17 കോടി രൂപയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ജീവനക്കാരുടെയും നോട്ടെണ്ണൽ മെഷീനിന്‍റെയും സഹായത്തോടെയാണ് പണം എണ്ണിത്തീർത്തത്. 23 കിലോയുടെ സ്വർണക്കട്ടകൾ പിടിച്ചെടുത്തു. കൂടാതെ പെർഫ്യൂം നിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളും 600 കിലോയുടെ ചന്ദനത്തൈലവും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പിടിച്ചെടുത്ത ചന്ദനത്തൈലത്തിന് വിപണിയിൽ ആറുകോടി രൂപ വിലവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.