തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ ട്രാൻസ്‌ജെൻഡർമാരെ പ്രത്യേക വിഭാഗമായി പരിഗണിക്കണം -മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: ഭിന്നലിംഗക്കാരെ അവരുടെ ജാതി നോക്കാതെ പ്രത്യേക വിഭാഗമായി മാത്രമേ പരിഗണിക്കാവൂ എന്ന മദ്രാസ് ഹൈകോടതി. വിദ്യാഭ്യാസത്തിനും ജോലിക്കും അവരെ സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള വിഭാഗത്തിൽ കൊണ്ടുവരരുതെന്ന് തമിഴ്‌നാട് സർക്കാറിന് കോടതി നിർദേശം നൽകി. എല്ലാ തൊഴിൽ, വിദ്യാഭ്യാസ മേഖലകളിലും ട്രാൻസ്‌ജെൻഡർമാരെ ഒരു പ്രത്യേക വിഭാഗമായി പരിഗണിക്കാനും ജാതി പരഗണിക്കാതെ അവരുടെ കട്ട് ഓഫ് മാർക്കിന് പ്രത്യേക മാനദണ്ഡങ്ങൾ നിർദേശിക്കാനും സർക്കാർ എല്ലാ സംസ്ഥാന റിക്രൂട്ടിങ് ഏജൻസികളോടും നിർദേശിക്കണമെന്നും ജസ്റ്റിസ് വി.ഭവാനി സുബ്ബരോയൻ ഉത്തരവിൽ പറഞ്ഞു.
മറ്റ് പ്രത്യേക വിഭാഗങ്ങൾക്കായുള്ള പ്രായപരിധിയിലുള്ള ഇളവ് ട്രാൻസ്‌ജെൻഡറുകൾക്കും ബാധകമാകും. ഭാവിയിൽ ഒരു ഘട്ടത്തിലും ട്രാൻസ്‌ജെൻഡർമാരെ പുരുഷ-സ്ത്രീ വിഭാഗങ്ങൾക്ക് കീഴിൽ കൊണ്ടുവരരുതെന്നും ജഡ്ജി വ്യക്തമാക്കി.
2017-18 വർഷത്തെ സംയോജിത സിവിൽ സർവിസ് പരീക്ഷക്ക് അവസരം നിഷേധിക്കപ്പെട്ട ട്രാൻസ്ജെൻഡർ ആർ. അനുശ്രീയുടെ ഹരജി പരിഗണിച്ചുകൊണ്ടാണ് ജഡ്ജിയുടെ ഉത്തരവ്. അനുശ്രീ തമിഴ്‌നാട് പബ്ലിക് സർവിസ് കമീഷൻ യോഗ്യതക്കുള്ള കട്ട് ഓഫ് മാർക്ക് നേടിയിട്ടുണ്ടെന്നും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനായി രേഖകൾ അപ്‌ലോഡ് ചെയ്യാൻ അപേക്ഷകനെ അനുവദിക്കണമെന്നും നിർദേശം നൽകി.
അനുശ്രീയെ പട്ടികജാതി സ്ത്രീ വിഭാഗത്തിൽ ഉൾപ്പെടുത്തി പട്ടികജാതി സ്ത്രീകൾക്ക് നിർദേശിച്ചിട്ടുള്ള കട്ട്ഓഫിനേക്കാൾ കുറവ് മാർക്ക് ലഭിച്ചതിനാൽ വെരിഫിക്കേഷനായി അവരുടെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ തമിഴ്‌നാട് പബ്ലിക് സർവിസ് കമ്മീഷൻ അനുമതി നിഷേധിക്കുകയായിരുന്നു. ഈ സമീപനം ശരിയല്ലെന്നും അപേക്ഷിച്ചയാളെ സ്ത്രീ വിഭാഗത്തിൽ കൊണ്ടുവന്നത് സുപ്രീംകോടതിയും മദ്രാസ് ഹൈകോടതിയും പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഭിന്നലിംഗക്കാരെ അതുല്യരായി കാണണമെന്നും അവരെ ആണും പെണ്ണും എന്ന രീതിയിൽ പരിഗണിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.