കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് പരീക്ഷണ ഘട്ടം
text_fieldsബേഗുസാരായ് (ബിഹാർ): ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിൽ ബേഗുസാരായ്, ഉജയ്പൂർ, മുംഗർ, മിഥിലാഞ്ചലിലെ ദർഭംഗ, സമസ്തിപൂർ എന്നീ മണ്ഡലങ്ങൾ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങുമ്പോൾ ബലാബലത്തിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിൽനിന്ന് വ്യത്യസ്തമായി നാലിടത്തും എൻ.ഡി.എക്ക് മേൽക്കൈ.
അഞ്ച് സിറ്റിങ് മണ്ഡലങ്ങളിൽ നാലിലും പ്രചാരണത്തിൽ എൻ.ഡി.എ നേടിയ മേൽക്കൈ ഒരിടത്ത് കടുത്ത മത്സരത്തിന് വഴിമാറിയിരിക്കുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ആർ.ജെ.ഡി സ്ഥാനാർഥി അലോക് മേത്തയിൽനിന്ന് കടുത്ത മത്സരം നേരിടുന്ന ഉജിയാർപൂരജലാണ് ബി.ജെ.പിക്ക് ഹാട്രിക് ജയം പ്രയാസകരമായിരിക്കുന്നത്.
ബിഹാറിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായേക്കുമെന്നുവരെ ബി.ജെ.പി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്ന നേതാവാണ് നിത്യാനന്ദ റായ്. സ്വന്തം ജാതിക്കുള്ളിൽനിന്ന് തന്നെയുള്ള എതിർപ്പ് റായ് നേരിടുന്ന വെല്ലുവിളിയാണ്. 2014ൽ അലോക് മേത്തയെ തോൽപിച്ച നിത്യാനന്ദ റായി 2019ൽ 40 ശതമാനം യാദവ വോട്ടുകളും 80 ശതമാനം കുശ്വാഹ വോട്ടുകളും 90 ശതമാനം സാഹ്നി വോട്ടുകളും നേടി സീറ്റ് നിലനിർത്തിയിരുന്നു.
എന്നാൽ, ഇത്തവണ യാദവർ ഒന്നടങ്കം നിത്യാനന്ദ റായിയെ എതിർക്കുമ്പോൾ ജാതി സമവാക്യം ബി.ജെ.പിക്ക് അനുകൂലമല്ല. 30 ശതമാനം സാഹ്നി വോട്ടുകളെങ്കിലും ഉറപ്പിക്കുന്ന ആർ.ജെ.ഡിക്ക് കുശ്വാഹ വോട്ടുകളിൽനിന്ന് ഒരു പങ്കുകൂടി പിടിച്ചാൽ അത് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ തോൽവിക്കിടയാക്കും.
സമസ്തിപൂരിൽ മന്ത്രി മക്കൾ തമ്മിൽ
ബിഹാറിലെ എൻ.ഡി.എ സർക്കാറിലെ രണ്ട് മന്ത്രിമാരുടെ മക്കൾ ഇൻഡ്യ-എൻ.ഡി.എ സ്ഥാനാർഥികളായി പരസ്പരം ഏറ്റുമുട്ടി ശ്രദ്ധേയമായിരിക്കുകയാണ് സമസ്തിപൂർ. അന്തരിച്ച എൽ.ജെ.പി നേതാവ് രാം വിലാസ് പസ്വാൻ ജയിച്ച മണ്ഡലമായ സമസ്തിപൂരിൽ ബിഹാർ മന്ത്രി അശോക് ചൗധരിയുടെ മകളായ ശാംഭവി ലോക് ജൻശക്തി പാർട്ടി (രാം വിലാസ്) സ്ഥാനാർഥിയായപ്പോൾ മന്ത്രി മഹേശ്വർ ഹസാരിയുടെ മകൻ സണ്ണി ഹസാരിയാണ് കോൺഗ്രസ് സ്ഥാനാർഥി.
എൻ.ഡി.എ സഖ്യകക്ഷിയായ ജനതാദൾ യുവിന്റെ നേതാവും മന്ത്രിയുമായ മഹേശ്വർ ഹസാരി ഇൻഡ്യ സഖ്യത്തിലെ കോൺഗ്രസിനായി വോട്ടുപിടിക്കുകയാണ് സമസ്തിപൂരിൽ. ശാംഭവി പസ്വാൻ ജാതിക്കാരിയും സണ്ണി പാസി ജാതിക്കാരനും. പാസിയെ അപേക്ഷിച്ച് പസ്വാൻ സമുദായത്തിനാണ് മണ്ഡലത്തിലെ മേധാവിത്തം.
ശാംഭവിയുടെ ഭർത്താവ് ഭൂമിഹാർ ആണെന്നത് ഭൂമിഹാറുകൾക്ക് സ്വാധീനമുള്ള മേഖലയിൽ നിർണായക ഘടകമാണ്.
എം.പിക്ക് എതിരെങ്കിലും വോട്ട് മോദിക്ക്
ബി.ജെ.പിയുടെ സിറ്റിങ് എം.പി ഗോപാൽ ജി. ഠാക്കൂറിനെ ആർ.ജെ.ഡിയുടെ ലളിത് കുമാർ യാദവ് നേരിടുന്ന ദർഭംഗയിലും എം.പിക്കെതിരായ വികാരം വോട്ടർമാർ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും വോട്ട് മോദിക്ക് എന്ന ബി.ജെ.പി തന്ത്രത്തിന് മുന്നിൽ അത്തരം വികാരങ്ങൾ നിഷ്പ്രഭമാകുകയാണ്.
2009ലും 2014ലും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം കീർത്തി ആസാദായിരുന്നു ദർഭംഗയെ ലോക്സഭയിൽ പ്രതിനിധീകരിച്ചിരുന്നത്. എന്നാൽ, 2019ൽ കീർത്തി ആസാദിന് ടിക്കറ്റ് നിഷേധിച്ച് ബി.ജെ.പി ഗോപാൽ ജി. ഠാക്കൂറിനെ ഇറക്കി. മോദി തരംഗത്തിൽ ആർ.ജെ.ഡിയുടെ തലമുതിർന്ന നേതാവ് അബ്ദുൽ ബാരി സിദ്ദീഖിയെ 2.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് തോൽപിച്ച് ഗോപാൽ മണ്ഡലം നിലനിർത്തി.
കഴിഞ്ഞ തവണ ഭൂമിഹാറുകൾ പരസ്പരം ഏറ്റുമുട്ടിയിരുന്ന മുംഗേറിൽ ഇത്തവണ ഉന്നത ജാതിക്കാരനും പിന്നാക്ക ജാതിക്കാരനും തമ്മിലുള്ള മത്സരമായി മാറിയിരിക്കുകയാണ്. ജനതാദൾ യു നേതാവും ലോക്സഭയിലെ കക്ഷി നേതാവുമായ സിറ്റിങ് എം.പി ലല്ലൻ സിങ്ങിനെ നേരിടാൻ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് 17 വർഷം ജയിലിൽ കിടന്ന അശോക് മഹാതോയുടെ ഭാര്യ അനിതാദേവിയെ രംഗത്തിറക്കിയിരിക്കുകയാണ് ആർജെ.ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.