ദേശസുരക്ഷാ കേസുകളിൽ പ്രതികൾ രാജ്യം വിട്ടാലും വിചാരണ
text_fieldsന്യൂഡൽഹി: ദേശസുരക്ഷയുമായി ബന്ധപ്പെട്ട കേസുകളിൽ രാജ്യം വിട്ടവരെയും അവരുടെ അസാന്നിധ്യത്തിൽ വിചാരണ ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങൾ അവലോകനം ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഏറെക്കാലമായി രാജ്യം വിട്ടുകഴിയുന്ന പ്രതികളെ ലക്ഷ്യമിട്ട് ഇതിനുള്ള വ്യവസ്ഥ പുതിയ ക്രിമിനൽ നിയമത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. മൂന്ന് വർഷത്തിനകം എല്ലാ കേസുകളും തീർപ്പാക്കുന്ന തരത്തിലാണ് പുതിയ ക്രിമിനൽ നിയമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പ്രകോപന പോസ്റ്റ്: ഇമാം അറസ്റ്റിൽ
ബറേലി: ഫേസ്ബുക്കിൽ മതവികാരം വ്രണപ്പെടുത്തുന്ന പരാമർശം നടത്തിയ കേസിൽ പള്ളി ഇമാമിനെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ബറേലിയിലെ ശരീഫ് അഹമ്മദിനെ ആണ് അറസ്റ്റ്ചെയ്തത്. ഇദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. മതസ്പർധക്ക് ഇടയാക്കിയ പോസ്റ്റിട്ടത് ശരീഫ് അഹമ്മദാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
സൈബർ കുറ്റാന്വേഷണം: സഹകരണത്തിന് ഇന്ത്യ-യു.എസ് കരാർ
ന്യൂഡൽഹി: സൈബർ കുറ്റാന്വേഷണത്തിൽ സഹകരിക്കാൻ ഇന്ത്യയും യു.എസും കരാറിലെത്തി. ഇന്ത്യൻ സ്ഥാനപതി വിനയ് ക്വാത്രയും അമേരിക്കയുടെ ആഭ്യന്തര സുരക്ഷ ചുമതലയുള്ള ഡെപ്യൂട്ടി സെക്രട്ടറി (ഡി.എച്ച്.എസ്) ക്രിസ്റ്റി കനേഗല്ലോയും വെള്ളിയാഴ്ച വാഷിങ്ടൺ ഡി.സിയിലാണ് ധാരണപത്രം ഒപ്പുവെച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൈബർ ഇൻറലിജൻസ്, ഡിജിറ്റൽ ഫോറൻസിക് എന്നിവയിൽ സഹകരണവും പരിശീലനവും ഉൾപ്പെടുന്നതാണ് കരാർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.