ബി.വി.എ തട്ടകത്തിൽ ത്രികോണ പോര്
text_fieldsപാൽഘർ (മഹാരാഷ്ട്ര): മുൻ അധോലോക നേതാവ് ഹിതേന്ദ്ര ഠാക്കൂറിന്റെ ബഹുജൻ വികാസ് അഘാഡി (ബി.വി.എ) തട്ടകമായ പാൽഘറിൽ ത്രികോണ പോരിനാണ് ഇത്തവണ വേദിയൊരുങ്ങുന്നത്. ബി.ജെ.പിയുടെ ഡോ. ഹേമന്ത് സവര- ഉദ്ധവ് താക്കറേ പക്ഷ ശിവസേനയുടെ ഭാരതി കംദി- ബി.വി.എയുടെ രാജേഷ് പാട്ടീൽ എന്നിവർ തമ്മിലാണ് മുഖ്യപോര്.
കലങ്ങിമറിഞ്ഞ പുതിയ രാഷ്ട്രീയാന്തരീക്ഷത്തിൽ പ്രവചനം അസാധ്യമാണെങ്കിലും ബുള്ളറ്റ് ട്രെയിനിനായുള്ള ഭൂമി ഏറ്റെടുക്കൽ, കാർഷിക പ്രതിസന്ധി, ആദിവാസികളുടെ വനാവകാശം, തൊഴിലില്ലായ്മ, ജലക്ഷാമം തുടങ്ങി ഭരണവിരുദ്ധ വികാരം പ്രകടമാണ്.
വസായ്, നല്ലസൊപാര, ബോയ്സർ എന്നിവിടങ്ങളിലാണ് ബി.വി.എ ശക്തം. ഈ മൂന്ന് നിയമസഭ മണ്ഡലങ്ങളും അവരുടെ കൈയിലാണ്. ധഹാനു സി.പി.എമ്മിന്റേതാണ്. ശേഷിച്ചവയിൽ ഓരോന്ന് എൻ.സി.പി ശരത് പവാർ പക്ഷത്തിന്റെതും ശിവസേന ഷിൻഡെ പക്ഷത്തിന്റെതുമാണ്. ഇൻഡ്യ ബ്ലോക്കിന്റെ ഭാഗമായ സി.പി.എമ്മിന് മണ്ഡലത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടുണ്ട്. ജനസംഖ്യയിൽ 40 ശതമാനവും ആദിവാസികളുള്ള സംവരണ (എസ്.ടി) ലോക്സഭ മണ്ഡലമാണ് പാൽഘർ.
മോദി സർക്കാറിന്റെ ബുള്ളറ്റ് ട്രെയിൻ പദ്ധതി നടപ്പാക്കുന്നതിന് സമ്മർദത്തിന് വഴങ്ങിയാണ് പലരും കൃഷിഭൂമി നൽകിയത്. ആറുമാസം കൃഷിയിലും ആറുമാസം മറ്റു ജോലികളിലും ഏർപ്പെട്ടിരുന്നവരാണ് ഗ്രാമങ്ങളിലുള്ളവർ. ഭൂമി നഷ്ടപ്പെട്ടതോടെ കെട്ടിട നിർമാണ തൊഴിലിനും മറ്റുമായി അയൽപ്രദേശങ്ങളെ ആശ്രയിക്കുകയാണ് ഇവർ.
വൻ പദ്ധതികൾ വരുമ്പോൾ ജോലിസാധ്യത ഏറുമെന്ന് പറയുന്നതല്ലാതെ സംഭവിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പുറത്തുനിന്നുള്ളവർക്കാണ് ജോലി ലഭിക്കുന്നത്. ബുള്ളറ്റ് ട്രെയിൻപോലുള്ള പദ്ധതികൾ സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവർക്കാണെന്നും തങ്ങളെപ്പോലുള്ളവർക്ക് ഒരു ഗുണവും ചെയ്യില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലുള്ള ബി.ജെ.പിയോടാണ് രോഷമെങ്കിലും മുമ്പ് കോൺഗ്രസും വ്യത്യസ്തമായിരുന്നില്ലെന്ന് അവർ പറയുന്നു. എങ്കിലും ബി.ജെ.പിക്കെതിരെ വോട്ട് ചെയ്യുക എന്നതാണ് പൊതുവികാരം. അത് ആരെ തുണക്കുമെന്നതാണ് ചോദ്യം. നേതാക്കളുടെ തരംനോക്കിയുള്ള കൂറുമാറ്റവും പ്രദേശവാസികളെ ആശയക്കുഴപ്പത്തിലാക്കുന്നു.
അധികാര സാധ്യതകൾക്കനുസരിച്ച് കൂറുമാറിയ നേതാവാണ് സിറ്റിങ് എം.പി രാജേന്ദ്ര ഗാവിതെന്ന് ആരോപിക്കപ്പെടുന്നു. 2018ലെ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നൽകിയപ്പോൾ കോൺഗ്രസ് വിട്ട് എത്തിയതാണ് ഗാവിത്. 2019 ൽ സീറ്റ് ശിവസേനക്ക് നൽകിയപ്പോൾ ബി.ജെ.പി വിട്ട് ശിവസേനയിൽ ചേർന്ന് മത്സരിക്കുകയായിരുന്നു.
ശിവസേന പിളർന്നപ്പോൾ എക്നാഥ് ഷിൻഡെ പക്ഷക്കാരനായി. ഇത്തവണ സീറ്റ് ബി.ജെ.പിക്കായപ്പോൾ ബി.ജെ.പിയിലേക്ക് തിരിച്ചുപോയി. എന്നാൽ, ഗാവിതിന് ബി.ജെ.പി സീറ്റ് നൽകിയില്ല. ആർ.എസ്.എസ് പശ്ചാത്തലമുള്ള ഹേമന്ത് സവരക്കാണ് ബി.ജെ.പി ടിക്കറ്റ് നൽകിയത്.
രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞ രാഷ്ട്രീയ കാലാവസ്ഥയിൽ ത്രികോണ പോരിൽ നറുക്ക് ആർക്ക് വീഴുമെന്നറിയാൻ കാത്തിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.