വീട്ടുജോലിക്കാരിയെ മർദിച്ച സംഭവം; ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ചതുർവേദി
text_fieldsമുംബൈ: ബി.ജെ.പി വനിത വിഭാഗം ദേശീയ പ്രവർത്തക സമിതി അംഗമായ സീമ പത്രക്കെതിരെ വീട്ടുജോലിക്കാരിയായ സുനിത എന്ന സ്ത്രീ പരാതി നൽകിയതിനുപിന്നാലെ ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി ശിവസേന എം.പി പ്രിയങ്ക ചതുർവേദി. സംഭവത്തിൽ ബി.ജെ.പി അണികളും വനിത കേന്ദ്ര മന്ത്രിമാരും മാപ്പ് പറയണമെന്ന് ചതുർവേദി ആവശ്യപ്പെട്ടു. ക്രൂരമർദ്ദനത്തിന്‍റെ വാർത്തകൾ പുറത്തുവന്നിട്ടും വനിത കേന്ദ്ര മന്ത്രിമാർ മൗനം പാലിക്കുകയാണെന്നും അവർ ആരോപിച്ചു.
മനുഷ്യത്വമില്ലാത്ത ആ നേതാവ് മാത്രമല്ല, എല്ലാ ബി.ജെ.പി അണികളും സുനിതയോട് മാപ്പ് പറയണം. പ്രത്യേകിച്ച് ഇന്ത്യൻ രാഷ്ട്രപതി എന്ന വാക്ക് തെറ്റായി പറഞ്ഞതിന് മാപ്പ് പറയണം എന്നാവശ്യപ്പെട്ട് പാർലമെന്‍റിൽ ആക്രോശിച്ച വനിതാ മന്ത്രിമാർ. ഇപ്പോളവർ ലജ്ജാകരമായ മൗനത്തിലാണെന്നും പ്രിയങ്ക ചതുർവേദിയുടെ ട്വീറ്റിൽ പറയുന്നു.
പത്ര ക്രൂരമായി മർദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തെന്ന് വീട്ടു ജോലിക്കാരിയായ സുനിത വിവരിക്കുന്ന വിഡിയോ സമൂഹമാധ്യങ്ങളിൽ പ്രചരിച്ചിരുന്നു. പ്രമുഖ ബി.ജെ.പി നേതാവായ പത്രയുടെ വീട്ടിൽ താമസിച്ച് ജോലി ചെയ്യുകയായിരുന്ന സുനിതയെ എട്ട് വർഷത്തോളം പീഡിപ്പിച്ചതായി 'ദലിത് വോയ്‌സ്' എന്ന സന്നദ്ധ സംഘടന ചൂണ്ടിക്കാട്ടി. അവശനിലയിലായ സുനിത ആശുപത്രിയിൽ ചികിത്സയിലാണ്.
ഝാർഖണ്ഡ് ഗവർണർ രമേഷ് ബെയ്സും സീമ പാത്രക്കെതിരെ രംഗത്തെത്തിയിരുന്നു. പത്രക്കെതിരെ നടപടിയെടുക്കാത്തതിൽ ഡി.ജി.പി നീരജ് സിൻഹയെ അതൃപ്തി അറിയിച്ച ഗവർണർ കൃത്യനിർവഹണത്തിൽ അലംഭാവം കാണിക്കുന്ന പൊലീസിന്‍റെ സമീപനത്തിൽ ആശങ്ക പ്രകടിപ്പികയും ചെയ്തു.
കേന്ദ്ര സർക്കാറിന്റെ വനിതാ ശാക്തീകരണ പദ്ധതിയായ 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' സംസ്ഥാന കൺവീനറാണ് സീമ പത്ര. പത്രക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബി.ജെ.പി ഇവരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.