സംസ്കരിക്കാൻ പണമില്ല; ആദിവാസി യുവതിയുടെ മൃതദേഹം നദിയിൽ തള്ളി
text_fieldsഭോപാൽ: സംസ്കാര ചടങ്ങുകൾക്ക് പണമില്ലാത്തതിനാൽ ആദിവാസി യുവതിയുടെ മൃതദേഹം നദിയിൽ തള്ളി കുടുംബം. മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലിൽ നിന്ന് 672 കിലോമീറ്റർ അകലെ സിദി ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. മൃതദേഹം നദിയിൽ തള്ളുന്നതിെൻറ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിയുന്നത്.
സഹോദരിക്ക് കുറച്ചു ദിവസമായി അസുഖമായിരുന്നെന്നും അത് ഞായറാഴ്ചയോടെ മൂർച്ഛിക്കുകയായിരുന്നെന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാനായി അയൽക്കാർ 108 ആംബുലൻസ് വിളിച്ചെങ്കിലും കിട്ടിയില്ലെന്നും സഹോദരൻ വിശദീകരിച്ചു.
ആംബുലൻസ് ലഭിക്കാതായതോടെ കുടുംബം യുവതിയെ ഉന്തുവണ്ടിയിൽ കിടത്തി ജില്ല ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുമ്പോേഴക്ക് മരണം സംഭവിച്ചിരുന്നു. മൃതദേഹം കൊണ്ടുപോകാനായി മുനിസിപ്പൽ കോർപറേഷനുമായി ബന്ധപ്പെട്ട് വീണ്ടും ആംബുലൻസിന് ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഞായറാഴ്ചയായതിനാൽ ആംബുലൻസോ മറ്റ് സഹായങ്ങളോ ലഭിക്കില്ലെന്ന് ഒരു ജീവനക്കാരൻ അറിയിച്ചു. തുടർന്ന് ആശുപത്രിയിലെത്തിച്ച ഉന്തുവണ്ടിയിൽ തന്നെ യുവതിയുടെ മൃതദേഹം തിരികെ കൊണ്ടുപോയി.
‘‘മൃതദേഹം സംസ്കരിക്കാൻ ഞങ്ങളുടെ കൈയിൽ പണമില്ലായിരുന്നു. അതുകൊണ്ട് ഞങ്ങൾ മൃതദേഹം അതേ ഉന്തുവണ്ടിയിൽ തന്നെ കൊണ്ടുപോയി സൺ നദിയിൽ ഒഴുക്കി.’’ -യുവതിയുടെ സഹോദരൻ പറഞ്ഞു.
‘‘ഞങ്ങൾ ചെയ്തതിെൻറ വിഡിയോ ഞങ്ങൾ ഷൂട്ട് ചെയ്തിട്ടില്ല. അതുവഴി പോയ ആരോ ആണ് അത് ചിത്രീകരിച്ചത്. എന്തായാലും തിങ്കളാഴ്ച ചില ഉദ്യോഗസ്ഥർ എെൻറ വീട്ടിൽ വന്ന് സാമ്പത്തിക സഹായമായി 5000 രൂപ തന്നു.’’ -യുവതിയുടെ ഭർത്താവ് മഹേഷ് കോൽ വ്യക്തമാക്കി.
സംഭവം സത്യമാണെങ്കിൽ ദൗർഭാഗ്യകരമായിപ്പോയെന്ന് അഡീഷണൽ ജില്ല മജിസ്ട്രേറ്റ് ഡി.പി. ബർമൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.