ഇന്ദിരയുടെ ഒാർമകൾ പുതുക്കി ഇന്ത്യ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിര ഗാന്ധിയുടെ 32മത് രക്തസാക്ഷിത്വ ദിനത്തിൽ ധീര ഭരണാധികാരിയുടെ ഒാർമകൾ പുതുക്കി രാഷ്ട്രം. ഇന്ദിര ഗാന്ധിയുടെ സമാധിസ്ഥലമായ ശക്തിസ്ഥലിൽ രാഷ്ട്രപതി പ്രണവ് കുമാർ മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻസിങ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
24 അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്ത് നിന്നും ശക്തിസ്ഥൽ സ്ഥിതി ചെയ്യുന്ന 1 സഫ്ദർജംഗ് റോഡിലേക്ക് പദയാത്ര നടത്തിയാണ് രാഹുൽ ഗാന്ധി എത്തിയത്. മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, കുമാരി ഷെൽജ, അഹമ്മദ് പട്ടേൽ, രൺദീപ് സുർജെവാല എന്നിവരും ഒന്നര കിലോമീറ്റർ നീണ്ട പദയാത്രയിൽ രാഹുലിനെ അനുഗമിച്ചു.
രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പ്രാർഥനാ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ, കേന്ദ്രസർക്കാറിനെ പ്രതിനിധീകരിച്ച് ആരും ചടങ്ങിൽ പങ്കെടുത്തില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശർമ പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ഭരണാധികാരിയുടെ രക്തസാക്ഷിത്വ ദിനത്തിൽ സർക്കാർ പ്രതിനിധി പങ്കെടുക്കാത്തത് മനഃപൂർവമായ അനാദരവാണ്. ഇന്ദിര വലിയ നേതാവും ജനപ്രിയ പ്രധാനമന്ത്രിയുമാണെന്നും ശർമ ഒാർമപ്പെടുത്തി.
1984 ഒക്ടോബർ 31ന് അംഗരക്ഷകരുടെ വെടിയേറ്റാണ് ഇന്ദിര ഗാന്ധി മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.