ധാന്യങ്ങൾ കൊണ്ട് 38 അടി ത്രിവർണ്ണ പതാക ഒരുക്കി കുദ്രോളി ക്ഷേത്രാങ്കണം
text_fieldsമംഗളൂരു: ശ്രീനാരായണ ഗുരു സ്ഥാപിച്ച മംഗളൂരു കുദ്രോളി ശ്രീ ഗോകർണ്ണനാഥേശ്വര ക്ഷേത്രം അങ്കണം ഞായറാഴ്ച സവിശേഷ ദേശീയ പതാകയൊരുക്കി ശ്രദ്ധേയമായി. ധാന്യങ്ങളും പച്ചക്കറികളും കൊണ്ടാണ് 38 അടി ത്രിവർണ പതാക രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ഭാഗമായ അമൃത് മഹോത്സവത്തിൽ സജ്ജീകരിച്ചത്.
മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ബി.ജനാർദ്ദന പുജാരി ആഘോഷം ഉദ്ഘാടനം ചെയ്തു.വാർധക്യ അലട്ടുകൾ വകവെക്കാതെ ചക്രക്കസേരയിലാണ് അദ്ദേഹം വന്നുചേർന്നത്.
വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളിൽ നിസ്വാർത്ഥനും മതേതര നിറകുടവുമായ ജനാർദ്ദന പൂജാരിയുടെ സാന്നിധ്യം നാടിന് ഐശ്വര്യമാണെന്ന് ക്ഷേത്രം കമ്മിറ്റി ഖജാഞ്ചി പത്മരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഗുരു ബെലഡിൻഗലുവിന്റെ മേൽനോട്ടത്തിൽ കലാകാരന്മാർ 18 മണിക്കൂർ ഏകാഗ്രതയോടെ നടത്തിയ യജ്ഞത്തിലാണ് രംഗോളി പതാക രൂപപ്പെടുത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. 54 കലശങ്ങൾകൊണ്ട് വൃത്തത്തിന് അതിരിട്ടു. 900 കിലോയോളം ധാന്യങ്ങളും 90 കിലോഗ്രാം പച്ചക്കറികളുമാണ് ഉപയോഗിച്ചത്.
തൃശ്ശൂർ ജില്ലയിലെ വടക്കുന്നനാഥ ക്ഷേത്രത്തിൽ ഒരുക്കിയ മെഗാ പൂക്കളമാണ് ഗോകർണ്ണനാഥ ക്ഷേത്രത്തിൽ ഇവ്വിധം പതാക രൂപപ്പെടുത്താൻ പ്രേരകമായതെന്ന് രൂപകൽപ്പന നിർവഹിച്ച സതീഷ് ഇറയും പുനിക് ഷെട്ടിയും പറഞ്ഞു.
ഗോകർണ്ണനാഥ ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരു ശിവലിംഗ പ്രതിഷ്ഠ നടത്തിയതിന്റെ 110-ാം വാർഷിക വേളയാണിതെന്ന് രേഖകൾ സൂചന നൽകുന്നു.1912ലായിരുന്നു ഒരു ജാതി, ഒരു മതം, ഒരു ദൈവം ദർശനത്തിന്റെ മർമ്മരം മനുഷ്യമനസ്സുകൾ കീഴടക്കാനിടയാക്കിയ ആ പ്രതിഷ്ഠ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.