എസ്.പിയുമായി സഖ്യത്തിന് ശ്രമിച്ചു; 2024 വ്യത്യസ്തം
text_fieldsമധ്യപ്രദേശിൽ സഖ്യത്തിന് തയാറാകാത്തതുമൂലം സമാജ്വാദി പാർട്ടി (എസ്.പി) കോൺഗ്രസിനെതിരെ സംസാരിക്കുന്നു. എന്തുകൊണ്ടാണ് അവരുമായി സഖ്യമാകാതെ പോയത്?
ഏതാനും സീറ്റുകളിൽ സഖ്യമുണ്ടാക്കാൻ ഞങ്ങൾ ശ്രമിച്ചു. ഏതൊക്കെ സീറ്റുകളിലായിരിക്കണം ധാരണ എന്ന വിഷയത്തിലാണ് ചോദ്യമുയർന്നത്. അക്കാര്യത്തിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല. അവർ പറഞ്ഞ സീറ്റുകൾ കോൺഗ്രസ് വേണമെന്ന് ആഗ്രഹിക്കുന്ന മണ്ഡലങ്ങളായിരുന്നു. കോൺഗ്രസിന് സ്വന്തം ആളുകളെയും നോക്കാനില്ലേ? സമാജ്വാദി പാർട്ടിക്ക് ബി.ജെ.പിയുമായും കോൺഗ്രസുമായും മത്സരിക്കണം. അതിലവർക്ക് ജയിക്കാനാവില്ല.
കോൺഗ്രസും എസ്.പിയും തമ്മിലുള്ള ബന്ധം ഇതോടെ അവസാനിച്ചോ? 2024ൽ ഉത്തർപ്രദേശിലെ റായ്ബറേലിയിലും അമേത്തിയിലും എന്തു സംഭവിക്കുമെന്ന് കാണാമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നുണ്ടല്ലോ?
2024 വ്യത്യസ്തമാണ്. ഇത് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പാണ്. ആ നിലക്ക് നമ്മൾ കാണണം.
കേന്ദ്ര വാണിജ്യ മന്ത്രിയായിരുന്നപ്പോൾ സാമ്പത്തിക ശാസ്ത്രം അറിയുന്ന താങ്കൾ സൗജന്യങ്ങളെ എതിർത്തിരുന്നു. പ്രതിപക്ഷം പ്രഖ്യാപിക്കുന്ന സൗജന്യങ്ങൾക്കുള്ള പണം എവിടെനിന്ന് വരുമെന്ന് പ്രധാനമന്ത്രിയും ബി.ജെ.പിയും ചോദിക്കുന്നു?
കഴിഞ്ഞ നാലഞ്ചു മാസമായി ശിവരാജ് സിങ് ചൗഹാൻ പ്രഖ്യാപിക്കുന്നവക്കുള്ള പണം എവിടെനിന്നാണ് വരുന്നത്? അതിൽ കൂടുതലൊന്നും ഞാൻ പ്രഖ്യാപിച്ചിട്ടില്ല. എല്ലാ ചെലവും ഞങ്ങൾ കണക്കുകൂട്ടിയിട്ടുണ്ട്. വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള വിഭവം നമ്മുടെ പക്കലുണ്ടെന്ന ആത്മവിശ്വാസമുണ്ട്.
അവക്കെല്ലാം പണം നൽകാനാകുമോ?
അതെ. പണം നൽകാനാകും.
കഴിഞ്ഞ തവണ ജ്യോതിരാദിത്യ സിന്ധ്യ താങ്കളെ മുറിവേൽപിച്ചു. ഇപ്പോഴും സിന്ധ്യയോട് ആ വിരോധമുണ്ടോ?
ഞാനാരോടും വിരോധം വെച്ചുപുലർത്തുന്നില്ല. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനം. ആ സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ബി.ജെ.പിയോടൊപ്പം പോകാൻ സിന്ധ്യ തീരുമാനിച്ചു.
കോൺഗ്രസ് ഇക്കുറി മധ്യപ്രദേശിൽ സർക്കാറുണ്ടാക്കിയാൽ അത് വീഴില്ലെന്ന് താങ്കൾ എങ്ങിനെ ഉറപ്പുവരുത്തും?
* അങ്ങനെ വീഴുമെങ്കിൽ വീഴും. കഴിഞ്ഞ തവണ സർക്കാർ വീഴുന്ന സമയത്ത് എം.എൽ.എമാരുമായി തനിക്ക് വിലപേശാമായിരുന്നു. എന്നാൽ, ഞാൻ അതിന് തയാറായില്ല.
ഡൽഹിയിൽ തമ്പടിച്ച ‘ചാരുകസേര’ രാഷ്ട്രീയക്കാരനാണ് താങ്കൾ എന്ന് ബി.ജെ.പി ആരോപിക്കുന്നു. അത് ശരിയാണോ?
44 വർഷമായി ഞാൻ തെരഞ്ഞെടുപ്പ് ജയിക്കുന്നു. എന്നിട്ടും താനെവിടെനിന്നു വന്നുവെന്ന് അവർ എന്നെ പഠിപ്പിക്കുകയാണോ? അസംബന്ധമാണിത്. ജനങ്ങൾക്കറിയാം ഞാൻ എന്താണെന്ന്.
കോൺഗ്രസ് ജയിച്ചാൽ താങ്കൾ തന്നെയാകില്ലേ മുഖ്യമന്ത്രി?
ആരാണ് മുഖ്യമന്ത്രിയാകുക എന്ന് എനിക്കറിയില്ല.
താങ്കളാണല്ലോ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി?
ആയിരിക്കാം. ആരാണ് മുഖ്യമന്ത്രിയാകുക എന്നെനിക്കറിയില്ല. എന്നാൽ, മധ്യപ്രദേശിൽ കോൺഗ്രസാണ് ജയിക്കുകയെന്ന് അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.