ശശികലയെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു; എന്നാൽ അവർ ഉറച്ചുനിന്നു -ടി.ടി.വി ദിനകരൻ
text_fieldsചെന്നൈ: സജീവ രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനത്തിൽ നിന്ന് വി.കെ. ശശികലയെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചതായി അനന്തരവനും അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാപകനുമായ ടി.ടി.വി ദിനകരൻ. തീരുമാനത്തിൽ നിന്ന് പിന്മാറാൻ ശശികലയോട് താൻ ആവശ്യപ്പെട്ടു. എന്നാൽ, അവർ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നുവെന്നും ദിനകരൻ വ്യക്തമാക്കി. അമ്മ മക്കൾ മുന്നേറ്റ കഴകം നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വാർത്താകുറിപ്പിലൂടെ ദിനകരൻ അറിയിച്ചു.
ബുധനാഴ്ച രാത്രിയാണ് രാഷ്ട്രീയത്തിൽ നിന്ന് പൂർണമായി മാറിനിൽക്കാൻ തീരുമാനിച്ചു കൊണ്ട് അന്തരിച്ച ജയലളിതയുടെ സഹായി വി.കെ ശശികല പ്രസ്താവനപുറപ്പെടുവിച്ചത്. ജയലളിതയുടെ സൽഭരണം ഉണ്ടാവാൻ പ്രാർഥിക്കുന്നു. പദവിക്കും അധികാരത്തിനും വേണ്ടി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ജയലളിതയുടെ സ്നേഹമുള്ള പ്രവർത്തകരോടും തമിഴക ജനതയോടും തനിക്കുള്ള കടപ്പാട് രേഖപ്പെടുത്തുന്നു. ജയലളിത ജീവിച്ചിരിക്കെ അവരുടെ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി സഹോദരിയായി നിലകൊണ്ടു. ജയലളിതയുടെ ഭരണം തുടരാൻ മുഴുവൻ പ്രവർത്തകരും െഎക്യേത്താടെ പ്രവർത്തിക്കണം. പൊതുശത്രുവായ ഡി.എം.കെയെ ഭരണത്തിൽനിന്ന് അകറ്റിനിർത്തണമെന്നും ശശികല അഭ്യർഥിച്ചിരുന്നു. ശശികലയുടെ തീരുമാനം തമിഴക രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്.
ശശികലയുടെ പിന്മാറ്റത്തിനു പിന്നിൽ കേന്ദ്ര ബി.ജെ.പി നേതൃത്വത്തിന്‍റെ ശക്തമായ സമ്മർദമാണ് കാരണമെന്നാണ് നിരീക്ഷകർ കരുതുന്നത്. ജയിൽമോചിതയായതിനു ശേഷം താൻ രാഷ്ട്രീയത്തിൽ സജീവമായി രംഗത്തിറങ്ങുമെന്ന് ശശികല പ്രസ്താവിച്ചിരുന്നു. ടി.ടി.വി ദിനകരൻ നയിക്കുന്ന 'അമ്മ മക്കൾ മുന്നേറ്റ കഴക'ത്തിനുവേണ്ടി ശശികല പ്രചാരണ രംഗത്തിറങ്ങിയാൽ ബി.ജെ.പി -അണ്ണാ ഡി.എം.കെ സഖ്യത്തിന് കനത്ത തിരിച്ചടിയാവുമായിരുന്നു.
ഇപ്പോഴും താൻ അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറിയാണെന്നും പാർട്ടി പതാകയും ചിഹ്നവും ഉപയോഗിക്കാൻ അവകാശമുണ്ടെന്ന വാദമുന്നയിച്ച് നൽകിയ കേസിന്റെ വിചാരണ മാർച്ച് 15ന് ചെന്നൈ സിവിൽ കോടതിയിൽ നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. അണ്ണാ ഡി.എം.കെയിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭ്യമാവാത്ത സാഹചര്യത്തിലാണ് തീരുമാനത്തിന് കാരണമായതെന്ന് അഭിപ്രായമുണ്ട്.
ശശികലയുടെ തീരുമാനം എടപ്പാടി പളനിസാമി- ഒ. പന്നീർശെൽവം നയിക്കുന്ന അണ്ണാ ഡി.എം.കെക്ക് ആശ്വാസം പകരുന്നതാണ്. ഇൗയിടെ രജനികാന്തും രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ശശികലയും നിലപാട് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.