പശ്ചിമബംഗാൾ ഗവർണർക്കെതിരെ ലൈംഗിക പീഡനാരോപണവുമായി തൃണമൂൽ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദബോസിനെതിരെ ലൈംഗികപീഡനാരോപണവുമായി തൃണമൂൽ കോൺഗ്രസ്. രാജ്ഭവനിലെ വനിത ജീവനക്കാരിയെ ഗവർണർ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപണം. അതേസമയം, ഇക്കാര്യം നിഷേധിച്ച ബംഗാൾ ഗവർണർ തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും പറഞ്ഞു.
ഗവർണർ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ജീവനക്കാരി പരാതി നൽകാനായി കൊൽക്കത്ത പൊലീസിനെ സമീപിച്ചുവെന്നും തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നുണ്ട്. ഞെട്ടിക്കുന്ന വിവരങ്ങളാണ് രാജ്ഭവനിലെ ലൈംഗിക പീഡനത്തിൽ പുറത്ത് വരുന്നതെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. അതിജീവിത നൽകിയ വിവരങ്ങൾ പ്രകാരം നിരവധി പേർ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കേസിലെ ഇരകൾക്ക് നീതി ഉറപ്പാക്കണമെന്ന് തൃണമൂൽകോൺഗ്രസ് ആവശ്യപ്പെട്ടു.
എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച പശ്ചിമബംഗാൾ ഗവർണർ തന്നെ അപമാനിക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്ന് പറഞ്ഞു. സത്യത്തിനായിരിക്കും അന്തിമമായി വിജയമുണ്ടാകുക. തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണ്. തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി ചിലർ തന്നെ അപമാനിക്കുകയാണ്. അവരെ ദൈവം അനുഗ്രഹിക്കട്ടെ. പക്ഷേ ഇതുകൊണ്ടൊന്നും തന്റെ അഴിമതിക്കും അക്രമത്തിനും എതിരായ പോരാട്ടത്തെ ഇല്ലാതാക്കാനാവില്ലെന്നും ഗവർണർ പറഞ്ഞു. രാജ്ഭവനിൽ തന്നെ പിന്തുണക്കുന്ന ജീവനക്കാരുമായി സംസാരിക്കുമ്പോഴാണ് ഗവർണർ ഇക്കാര്യം പറഞ്ഞത്.
അതേസമയം, ഗവർണർക്കെതിരെ ലൈംഗിക പീഡനപരാതി ലഭിച്ചിട്ടുണ്ടെന്ന് കൊൽക്കത്ത പൊലീസ് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കമീഷണർ ഇന്ദിര മുഖർജിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരാതിയിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാവില്ല. രാജ്ഭവന് ഉള്ളിൽ വെച്ചാണ് വനിത ജീവനക്കാരി പീഡനത്തിന് ഇരയായതെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.