ഉപതെരഞ്ഞെടുപ്പ്: നാലു സീറ്റിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ
text_fieldsകൊൽക്കത്ത: ബംഗാളിലെ ഭവാനിപൂര്‍ അടക്കമുള്ള സീറ്റുകളിലെ തകർപ്പൻ വിജയത്തിന് പിന്നാലെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാലു സീറ്റിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്. ദിൻഹാത്ത, ശാന്തിപൂർ, ഖർദാഹ, ഗോസാബ സീറ്റുകളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
ഉദയൻ ഗുഹ (ദിൻഹാത്ത), ബ്രജാകിഷോർ ഗോസ്വാമി (ശാന്തിപൂർ), ശോഭൻദേബ് ചധോപാധ്യായ (ഖർദാഹ), സുബ്രത മണ്ഡൽ (ഗോസാബ) എന്നിവരാണ് സ്ഥാനാർഥികൾ. ഒക്ടോബർ 30നാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക.
തൃണമൂൽ എം.എൽ.എമാരായ കാജൽ സിൻഹയും ജയന്ത നസ്കറും കോവിഡ് പിടിപ്പെട്ട് മരിച്ചതും ബി.ജെ.പി നേതാവായ നിതീഷ് പ്രമാണിക് കേന്ദ്രമന്ത്രിയായതും ശാന്തിപൂരിലെ ബി.കെ.പി എം.എൽ.എ ജഗന്നാഥ് സർക്കാർ രാജിവെച്ചതും ആണ് നാലു സീറ്റുകളിൽ ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്.
ഭവാനിപൂര്‍ ഉപതെരഞ്ഞെടുപ്പിൽ 58,835 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി വിജയിച്ചത്. 85,263 വോട്ടാണ് മമതക്ക് ലഭിച്ചത്. എതിർ സ്ഥാനാർഥി ബി.ജെ.പിയിലെ പ്രിയങ്ക ടിബ്രെവാൾ 26,428 വോട്ട് നേടി. സി.പി.എം സ്ഥാനാർഥി ശ്രിജിബ് ബിശ്വാസിന് ലഭിച്ചത് 4,226 വോട്ട്. ഭവാനിപൂരിന് പുറമെ സംസർഗഞ്ച്, ജംഗിപ്പൂർ സീറ്റുകളിലും തൃണമൂൽ സ്ഥാനാർഥികൾ ബി.ജെ.പി സ്ഥാനാർഥികളെ തോൽപിച്ചു.
നിയമസഭ െതരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ പരാജയപ്പെട്ട മമതക്ക് ഭവാനിപൂരിലെ വിജയം നിർണായകമായിരുന്നു. ബംഗാള്‍ മുഖ്യമന്ത്രിയായി തുടരാൻ മമതക്ക് ജയം അനിവാര്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.